കൽപ്പറ്റ: വയനാട് വിത്തുത്സവത്തിന് എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ ഇന്ന് തുടക്കമാവും. വിത്തുത്സവം ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് സംഘടിപ്പിക്കുന്നത്.

വിത്തുകൾ പ്രദർശിപ്പിക്കാനും കൈമാറ്റം ചെയ്യാനും വിത്തുത്സത്തിൽ അവസരമൊരുക്കിയിട്ടുണ്ട്. വിവിധ പഞ്ചായത്തുകളിൽ നിന്നായി നൂറിലേറെ കർഷക പ്രതിനിധികൾ തനത് കാർഷിക വിളകളുടെയും ഭക്ഷ്യവിളകളുടെയും വിത്തും മറ്റു നടീൽവസ്തുക്കളുമായി വിത്തുത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. വയനാടിന് പുറമെ കണ്ണൂർ കാസർകോട് ജില്ലകളിൽ നിന്നും കർഷകർ പങ്കെടുക്കും.

കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രതികൂല കാലാവസ്ഥയോടും മറ്റു വിപരീത സാഹചര്യങ്ങളോടും പൊരുതാൻ ശേഷിയുള്ള നാടൻ വിത്തുകളുടെ പ്രസക്തി വർദ്ധിച്ചു വരുകയാണ്.

ആദിവാസി കർഷകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് സാമൂഹിക കാർഷിക ജൈവവൈവിധ്യ സംരക്ഷണ അവാർഡുകളും വിത്തുത്സവത്തോടനുബന്ധിച്ചു വിതരണം ചെയ്യും. വിത്തുത്സവത്തോടനുബന്ധിച്ചു അതിജീവിച്ച വിത്തുകൾ എന്ന വിഷയത്തിൽ ദേശീയ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകളും ഫിലിം ഫെസ്റ്റിവലുമുണ്ടാകും.

പരമ്പരാഗത കർഷകരുടെ സംഘടനയായ സീഡ് കെയറും, ജില്ലാ ആദിവാസി വികസന പ്രവർത്തക
സമിതിയും, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡും, എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയവും, ശാസ്ത്രസാങ്കേതിക വകുപ്പും, നബാർഡും, കേരള കുടുംബശ്രീ മിഷനും ചേർന്നാണ് വിത്തുത്സവം സംഘടിപ്പിച്ചിട്ടുള്ളത്.