കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്റ്റ് കബനീദളം നേതാവ് സി.പി. ജലീൽ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റു മരിച്ചത് ആസൂത്രിത കൊലപാതകമെന്ന് കുടുംബാംഗങ്ങൾ ആരോപിക്കവേ, ഏതു നിമിഷവും തിരിച്ചടിയുണ്ടാകാമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇതേത്തുടർന്ന് വയനാട് ജില്ലാ അതിർത്തികളിലെ പൊലീസ് സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കി.
ആത്മരക്ഷയ്‌ക്കാണ് വെടിവച്ചതെന്ന് പൊലീസ് വാദിക്കുമ്പോൾ, ഏറ്റുമുട്ടലുണ്ടായ വൈത്തിരി ഉപവൻ റിസോർട്ടിലെ ജീവനക്കാർ പറയുന്നത് പൊലീസ് ആദ്യം വെടിവച്ചുവെന്നാണ്. അതേസമയം, ജീവനക്കാർ പറഞ്ഞതു തള്ളി, റിസോർട്ട് മാനേജർ രംഗത്തു വന്നത് തണ്ടർബോൾട്ട് സേനയുടെ നിർദ്ദേശപ്രകാരമാണെന്ന് ആക്ഷേപമുണ്ട്.
2016 നവംബറിൽ നിലമ്പൂരിലെ കരുളായി വനത്തിൽ മാവോയിസ്റ്ര് നേതാക്കളായ കുപ്പു ദേവരാജും അജിതയും വെടിയേറ്റു മരിച്ചതിനു പ്രതികാരം ചെയ്യാൻ കഴിയാതിരുന്ന സംഘടനയെ പതിന്മടങ്ങ് പ്രകോപിപ്പിക്കുന്നതാണ് ഇപ്പോൾ സി.പി. ജലീലിന്റെ കൂടി മരണം. സേനയുടെ വെടിവയ്‌പിൽ കൊല്ലപ്പെടുന്ന ആദ്യ മലയാളി മാവോയിസ്റ്റ് നേതാവാണ് ജലീൽ. ജലീലിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഏറ്റുമുട്ടൽ പൊലീസിന്റെ നാടകമാണെന്നും സഹോദരൻ സി.പി. റഷീദ് പറഞ്ഞു.
മാവോയിസ്റ്റുകൾ തിരിച്ചടിക്ക് ഒരുങ്ങുന്നതായി ഇന്റിലിജൻസ് റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിൽ വനത്തിനുള്ളിലും അതിർത്തികളിലുമായുള്ള നൂറുകണക്കിന് റിസോർട്ടുകളിലെ ജീവനക്കാരും, ഹോംസ്റ്റേ നടത്തിപ്പുകാരും ഭീതിയിലാണ്. വൈത്തിരിയിലെ റിസോർട്ടിൽ പണവും ഭക്ഷണവും ചോദിച്ച് മാവോയിസ്റ്റുകൾ എത്തിയപ്പോഴായിരുന്നു കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലും വെടിവയ്‌പും.