കൽപ്പറ്റ:ലക്കിടി ഉപവൻ റിസോർട്ടിലെ ജീവനക്കാരുടെ പരാതിപ്രകാരം മാവോയിസ്റ്റുകൾക്കെതിരെ വൈത്തിരി പൊലീസ് കേസെടുത്തു.ഭീക്ഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ് കേസ്. ബുധനാഴ്ച്ച രാത്രി ആയുധധാരികളായ മാവോയിസ്റ്റുകൾ റിസോർട്ടിലെ റിസ്പഷനിലെത്തുമ്പേൾ ഏഴ് ജീവനക്കാർ ഇവിടെ ഉണ്ടായിരുന്നു. ഇവരോടാണ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ക്യാഷ് കൗണ്ടറിൽ പണമില്ലാതിരുന്നതിനാൽ ജീവനക്കാരുടെ കൈയ്യിലുണ്ടായിരുന്ന തുകയെടുത്താണ് നൽകിയത്. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചതിനും വാഹനത്തിന്റെ ചില്ല് വെട്ടിവച്ച് തകർത്തിനും മാവോയിസ്റ്റുകൾക്കെതിരെ വൈത്തിരി പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വെടിവെപ്പിൽ മരിച്ച സി പി ജലീലിന്റെ മൃതദേഹത്തിനരികിൽനിന്നും പൊലീസിന് തോക്കും തിരികളും ഡിറ്റനേറ്റർ, വെടിമരുന്ന്, വെടിയുണ്ടയുടെ കാലി കെയ്‌സ് തുടങ്ങിയവ ലഭിച്ചിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഇതുണ്ട്.
പണം തട്ടാനായി മാവോയിസ്റ്റുകൾ റിസോർട്ടുകളിലെ സിസിടിവികൾ മാറ്റിപ്പിച്ചു
കൽപ്പറ്റ:പണം തട്ടാനായി മാവോയിസ്റ്റുകൾ റിസോർട്ടുകാരെ നിരന്തരം ഭീഷണിപ്പെടുത്തുകയും സ്ഥാപനങ്ങളിലെ സിസിടിവികൾ മാറ്റിക്കുകയും ചെയ്തു. വയനാട്ടിലെ ടൂറിസം മേഖലക്ക് കനത്ത ആഘാതമാണ് മാവോയിസ്റ്റുകളേൽപ്പിച്ചത്. റിസോർട്ടുകളിൽ ഇവർ ആയുധങ്ങളുമായി നിരന്തരമെത്തി ഭീഷണിയും പണപ്പിരിവുമായതോടെ റിസോർട്ട് നടത്തിപ്പുകാർ പ്രതിസന്ധിയിലായി. സഞ്ചാരികൾ ഇവിടേക്ക് എത്താതെയുമായി. പൊഴുതന സേട്ടുക്കുന്ന്, മേപ്പാടി കള്ളാടി എന്നിവിടങ്ങളിലുള്ള റിസോർട്ടുകളിലെ സിസിടിവികൾ ഭീഷണിപ്പെടുത്തി എടുത്തുമാറ്റിച്ചു. സിസിടിവികൾ മാറ്റിച്ചശേഷമാണ് ഇവർ പണപ്പിരിവ് നടത്തിയിരുന്നത്. ലക്ഷങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഭയംകൊണ്ട് പലരും ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞിരുന്നില്ല