കോഴിക്കോട്: മുസ്ളിംലീഗിന്റെ രണ്ട് സീറ്റുകളിലും അതത് സിറ്റിംഗ് എം.പിമാർ തന്നെ മത്സരിക്കും. മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറുമാണ് അങ്കം ആവർത്തിക്കുന്നത്. ഇതോടൊപ്പം തമിഴ്‌നാട്ടിൽ ഡി.എം.കെ - കോൺഗ്രസ് മുന്നണിയുടെ ഭാഗമായി രാമനാഥപുരം മണ്ഡലത്തിൽ നവാസ് ഗനി മത്സരിക്കും. കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന ഇന്ത്യൻ യൂണിയൻ മുസ്ളിംലീഗ് പ്രവർത്തക സമിതി യോഗത്തിനു ശേഷമാണ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
മൂന്നാം സീറ്റ് എന്ന ആവശ്യത്തിൽനിന്ന് ലീഗ് നേരത്തേ പിന്മാറിയിരുന്നു. യു.ഡി.എഫിനുണ്ടാകുന്ന അടുത്ത രാജ്യസഭാ സീറ്റ് ലീഗിന് നൽകാമെന്ന ഉറപ്പിലാണ് പിന്മാറിയത്. ഇതിനിടെ ലീഗിന്റെ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ പരസ്പരം മാറണമെന്ന ആവശ്യം ഉയർന്നിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയിലും ഇ.ടി. മുഹമ്മദ് ബഷീർ മലപ്പുറത്തും മത്സരിക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. പൊന്നാനിയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 25,000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. പൊന്നാനി പാർലമെന്റ് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ഇ.ടി. മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കരുതെന്ന പ്രമേയവും പാസാക്കിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഈ പ്രമേയം പിൻവലിച്ചത്. മണ്ഡലം മാറുന്നതിനോട് കുഞ്ഞാലിക്കുട്ടിക്കും യോജിപ്പുണ്ടായിരുന്നില്ല. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയെ നിർബന്ധിച്ചാണ് മത്സരിപ്പിച്ചത്. അന്ന് പരാജയപ്പെട്ടിരുന്നു.