കോയമ്പത്തൂർ: നിർണായക പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിലായ ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ചാണ് ചെന്നൈ സിറ്റി എഫ്.സി നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ പരാജയപ്പെടുത്തിയത്.
മൂന്നാം മിനിട്ടിൽ റൊണാൾ ബിലാലയുടെ ഹെഡ്ഡർ ഗോളിൽ മിനർവ മുന്നിലെത്തി. തോൽവി കിരീടം ഇല്ലാതാക്കുമെന്ന ബോധ്യത്തോടെ കളിച്ച ചെന്നൈ 56ാം മിനിട്ടിൽ പെഡ്രോ മാൻസി പെനാൽറ്രിയിലൂടെ നേടിയ ഗോളിലൂടെ സമനില പിടിച്ചു. പിന്നീട് ഗൗരവ് ബോറയുടെ ഊഴമായിരുന്നു. 69-ാം മിനിട്ടിൽ ചെന്നൈയെ മുന്നിലെത്തിച്ച ബോറ 93ാം മിനിട്ടിൽ തന്റെ രണ്ടാം ഗോളും നേടി (3-1) ചെന്നൈയുടെ ജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യ പകുതിയിൽ ഗോൾ മടക്കാൻ ചെന്നൈയ്ക്കായിരുന്നില്ല. തുടർന്ന് രണ്ടാം പകുതിയിൽ മികച്ച ആക്രമണ ഫുട്ബോൾ പുറത്തെടുത്താണ് അവർ വിജയം സ്വന്തമാക്കിയത്. ലീഗിൽ ആകെ 21 ഗോൾ നേടിയ പെഡ്രോ ജാവിയർ മാൻസിയും ഒമ്പത് ഗോൾ നേടിയ സാൻഡ്രോയുമാണ് ചെന്നൈയെ ചാമ്പ്യൻമാരാക്കാൻ പ്രധാനപങ്കുവഹിച്ചത്. അറ്റാക്കിംഗ് ഫുട്ബോൾ കളിച്ച ചെന്നൈ 48 ഗോളുകളാണ് സീസണിൽ അടിച്ചത്. 28 ഗോളുകൾ വഴങ്ങി.
കഴിഞ്ഞ സീസണിൽ എട്ടാമതായിരുന്ന ടീമിനെ ചാമ്പ്യന്മാരാക്കിയതിന് പിന്നിൽ കോച്ച് അക്ബർ നവാസിന്റെ തന്ത്രങ്ങളാണ്.