കൽപ്പറ്റ:വയനാട് വൈത്തിരി ലക്കിടിയിൽ ഉപവൻ റിസോർട്ടിൽ മാവോയിസ്റ്റുകളും പൊലീസുമായുള്ള ഏറ്റമുട്ടലിനെ കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.
സ്ഥലത്തെത്തിയ അന്വേഷണസംഘം ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നും മറ്റും വിവരങ്ങൾ ശേഖരിച്ചു. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്. പി ഡോ. ശ്രീനിവാസിൻ,ഡി. വൈ. എസ്.പി പി .രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.വയനാട്ടിലെത്തിയ സംഘം ഇന്നലെ സ്ഥലത്ത് വിശദമായ പരിശോധന നടത്തി. റിസോർട്ടിലെത്തി തെളിവുകൾ ശേഖരിച്ചു.ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെത്തിയ അന്വേഷണസംഘം ജില്ലാ പൊലീസ് ചീഫ് ആർ. കറുപ്പ സാമിയിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. വെടിവയ്‌പ്പു നടന്ന ദിവസവും തോട്ടടുത്ത ദിവസവും വൈത്തിരി റിസോർട്ടിലെത്തിയ ഡിവൈ.എസ്.പിമാരുമായും സംഘംചർച്ച നടത്തി. തുടർന്നാണ് റിസോർട്ടിലെത്തിയത്. ജലീൽ വെടിയേറ്റുമരിച്ച റിസോർട്ടിനു മുന്നിലെ പൂന്തോട്ടത്തിലെത്തി പരിശോധന നടത്തി. വെടിവയ്‌പ്പിൽ തകർന്ന റിസോർട്ടിലെ 207നമ്പർ മുറിയും വൈത്തിരി പൊലീസ് സ്റ്റേഷന്റെ ജീപ്പും പരിശോധിച്ചു. ഇതിനുശേഷം അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന റിസോർട്ട് ജീവനക്കാരെ ചോദ്യം ചെയ്ത് പ്രാഥമിക വിവരങ്ങളെടുത്തു.
അന്വേഷണം സംഘം എത്തിയപ്പോൾ പലരും അവധിയിലായിരുന്നു. വെടിവെപ്പു നടന്ന രാത്രി ഉപവൻ റിസോർട്ടിൽ ഉണ്ടായിരുന്ന മുഴുവൻ ജീവനക്കാരോടും വരും ദിവസങ്ങളിൽ അന്വേഷണം സംഘം മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. ഇതിനിടെ ഇന്നലെയും ഉപവൻ റിസോർട്ടിന് സമീപത്തെ വന മേഖല തണ്ടർബോൾട്ടും പൊലീസ് സംഘവും പരിശോധിച്ചു. മരിച്ച സി.പി. ജലീലിനോടൊപ്പം ഉണ്ടായത് വരാഹിണി ദളത്തിലെ തമിഴ്നാട് സ്വദേശി ചന്ദ്രു(38)വാണെന്ന് പൊലീസിന് വിവരം ലഭിച്ചു.എ.കെ 47 ഉപയോഗിക്കുന്നതിൽ വിദഗ്ദനാണ് ചന്ദ്രു. ജലീലിനോടൊപ്പം റിസോർട്ടിൽ എത്തിയപ്പോഴും ചന്ദ്രുവിന്റെ പക്കൽ എ.കെ 47 ഉണ്ടായിരുന്നു.