കുറ്റ്യാടി : വേളം പെരുവയലിൽ വീണ്ടും പശുക്കളിൽ പേ ലക്ഷണം. തലവഞ്ചേരി കുനിയിൽ കുഞ്ഞബ്ദുല്ലയുടെ വീട്ടിലെ പൂർണ ഗർഭിണിയായ പശുവിനാണ് ഇന്നലെ പേ ലക്ഷണം കണ്ടത്. മറ്റ് ചില വീടുകളിലെ പശുക്കൾക്കും ഇതേ ലക്ഷണമുണ്ടെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഏഴു പശുക്കളാണ് പേ ഇളകിയതിനെ തുടർന്ന് ചത്തത്. പേ വിഷബാധ തുടരുന്നതിൽ പരക്കെ ആശങ്ക ഉയർന്നിട്ടുണ്ട്. പേവിഷബാധയെ തുടർന്ന് പശുക്കൾ നഷ്ടപ്പെട്ട കർഷകർക്ക് സാമ്പത്തിക സഹായം നൽക്കുകയും പകരം പശുക്കളെ നൽകുന്നതുൾപ്പെടയുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്നും പാറക്കൽ അബ്ദുല്ല എംഎൽഎ ആവശ്യപ്പെട്ടു. പേ വിഷബാധയെ തുടർന്ന് പശുക്കൾ നഷ്ടപ്പെട്ട കർഷകരെ വീടുകളിൽ പോയി കണ്ട ശേഷം മന്ത്രി രാജുവിനെ ഫോണിൽ വിളിച്ചാണ് ആവശ്യമുന്നയിച്ചത്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എ എൽ എ പറഞ്ഞു.
പഞ്ചായത്തിലെ മുഴുവൻ കേര കർഷകരേയും ഗോവർദ്ധിനി പ്ലസ് ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആശങ്ക പരിഹരിക്കുന്നതോടൊപ്പം ഉടൻ നഷ്ട പരിഹാരം എത്തിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.