പയ്യോളി: വർഷങ്ങൾക്ക് മുമ്പ് കടൽക്ഷോഭത്തിൽ കോട്ടക്കടപ്പുറം അഴിമുഖത്തിന് സമീപം മുങ്ങിപ്പോയ ബാർജ് വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ഇതിനായുള്ള യന്ത്രസാമഗ്രികൾ കോട്ടക്കടപ്പുറത്തെത്തിച്ച് പ്രവൃത്തി ആരംഭിച്ചു. അതേ സമയം വർഷങ്ങൾക്ക് മുമ്പ് മുങ്ങിപ്പോയ ബാർജിന്റെ, ലക്ഷങ്ങൾ ചിലവഴിച്ചുള്ള വീണ്ടെടുപ്പിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യത്തിൽ ഗൗരവകരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഇവർ പറയുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പാണ് കനത്ത കടൽ ക്ഷോഭകാലത്ത് കോട്ടക്കടപ്പുറം അഴിമുഖത്തിന് സമീപം ബാർജ് മുങ്ങിയത്. കടൽക്ഷോഭത്തിനിടെ കപ്പലിൽ നിന്നും വേർപെട്ട് ഒഴുകി തീരത്തെത്തി മണലിൽ ഉറച്ചു പോവുകയായിരുന്നു ഇത്. കരയിൽ നിന്നും 50 മീറ്ററോളം അകലെയാണ് ബാർജ് മണലിൽ പുതഞ്ഞ് പോയത്. ഇതിനകത്തുണ്ടായിരുന്ന ജീവനക്കാരായ അഞ്ച് പേരും കുരിയാടി, വടകര സാന്റ് ബാങ്ക് പരിസരം, കോട്ടക്കടപ്പുറം തീരങ്ങളിൽ നീന്തിയെത്തി രക്ഷപ്പെടുകയായിരുന്നു. അന്ന് മഹാരാഷ്ട്രയിലെ ഒരു കമ്പനിയുടെതാണ് ബാർജെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ പറഞ്ഞതായും നാട്ടുകാർ ഓർത്തെടുക്കുന്നു. പിന്നീട് രണ്ട് വർഷം മുമ്പാണ് കമ്പനിയുടെ ആളുകളാണെന്ന് പറഞ്ഞ് ചിലരെത്തി വീണ്ടെടുപ്പിനുള്ള ശ്രമം ആരംഭിച്ചത്. ശ്രമം പരാജയപ്പെടുകയും നാട്ടുകാർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതോടെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം ഇപ്പോഴാണ് തുടർ പ്രവൃത്തനങ്ങൾക്കായി ആളുകളെത്തിയത്.
അതേസമയം, മുങ്ങിയ ബാർജിൽ സർക്കാർ സംവിധാനങ്ങളെ വെട്ടിച്ച് കടത്താൻ ശ്രമിച്ച വിലപിടിപ്പുള്ള വസ്തുക്കളാണുള്ളതെന്ന സംശയമുണ്ടെന്നും അതുകൊണ്ടാണ് ലക്ഷങ്ങൾ ചിലവിട്ട് തിരിച്ചെടുക്കാൻ ശ്രമിക്കുന്നതെന്നുമാണ് നാട്ടുകാരുടെ സംശയം. ഇതു സംബന്ധിച്ച് പൊലീസിനെയും കോസ്റ്റൽ പൊലീസിനേയും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും വേണ്ട രീതിയിലുള്ള അന്വേഷണത്തിന് തയ്യാറായില്ലെന്നും പരാതിയുണ്ട്.
മുങ്ങിയ ബാർജ് നീക്കം ചെയ്യുന്നതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിൻസ് മറൈൻ ട്രാൻസ്പോർട്ട് കമ്പനിക്ക് കോഴിക്കോട് പോർട്ട് ഓഫീസർക്യാപ്ടൻ ആശ്വിനി പ്രതാപ് നൽകിയ അനുമതിയുടെ അടിസ്ഥാനത്തിലാണ് വീണ്ടെടുപ്പ് ജോലി തുടങ്ങിയതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വീണ്ടെടുപ്പ് പുറത്തറിഞ്ഞതോടെ നിരവധി ആളുകയാണ് ഇവിടേക്കെത്തുന്നത്.