വടകര: ജില്ലയിൽ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ പക്ഷിക്ക് കുടിനീർ പദ്ധതി ഈ വർഷവും തുടങ്ങി. പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം വള്ളിയാട് യു.പി സ്കൂളിൽ ചമൻ ഉറുദു ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടന്നു. മുഴുവൻ ക്ലബ്ബ് അംഗങ്ങൾക്കും ഗ്രീൻ അംബാസഡർ മാർക്കും പക്ഷിക്ക് കുടിനീർ വെക്കാനുള്ള മൺപാത്രങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മൺപാത്രങ്ങൾ സ്പോൺസർ ചെയ്തത് ചമൻ ഉറുദു ക്ലബ്ബാണ്. ഇത് ആറാം വർഷമാണ് സേവ് പക്ഷിക്ക് കുടിനീർ നടപ്പാക്കുന്നത്.ജില്ലയിലെ മുഴുവൻ വിദ്യാർഥികളും അധ്യാപകരും അവരുടെ സ്കൂളിലും വീടിന് സമീപത്തും ഒരു പരന്ന പാത്രത്തിൽ പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും ആയി ഒരു പരന്ന പാത്രത്തിൽ വെള്ളം നിറച്ചു വെയ്ക്കുന്ന പരിപാടിയാണ് ഇത്. നിത്യവും പാത്രം നിറച്ചു കൊടുക്കും. ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമായി ഇത്രയധികം പേർ പക്ഷിക്ക് കുടിനീർ ഒരുക്കുന്നത് റെക്കോർഡ് ആണ്. ഇത് മനസിലാക്കി മുൻവർഷങ്ങളിൽ പരിപാടി ലിംക ബുക്ക് ഓഫ് റെക്കോർഡിന്റെ പരിഗണനയ്ക്ക് നൽകിയിരുന്നു. ഇത്തവണ ലക്ഷ്യം പൂർത്തിയാക്കി റെക്കോർഡിൽ ഇടം നേടും എന്നാണ് കരുതുന്നത്. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ കെ സുരേഷ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. എ പി ബാബു അദ്ധ്യക്ഷം വഹിച്ചു. പ്രൊഫസർ ശോഭീന്ദ്രൻ ഹരിത സന്ദേശം നൽകി.സേവ് ജില്ലാ കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ പദ്ധതി വിശദീകരിച്ചു. കെ യൂനുസ് ഉറുദു ക്ലബ്ബിന്റെ ലോഗോ പ്രകാശനം ചെയ്തു. എ ഇ ഒ കെ ഹരീന്ദ്രൻ, പി ശോഭന, എൻ അസ്മാ, അസ്ന ഷെറിൻ, ഷൗക്കത്തലി എരോത്ത്,വി കെ രാധാകൃഷ്ണൻ നമ്പ്യാർ, ഇ കെ കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു.