നാദാപുരം: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിൻറെ പേരിൽ കുടുംബത്തെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്ന് ഇറക്കി വിട്ട് വീടും സ്ഥലവും സ്വകാര്യ പണമിടപാട് സ്ഥാപനം കരസ്ഥപ്പെടുത്തിയ സംഭവത്തിൽ ഹരിത സേനാ പ്രവർത്തകർ വീടിൻറെ പൂട്ട് തകർത്ത് കുടുംബത്തെ താമസിപ്പിച്ചു. ഡൽഹി കേളപ്പൻറെ നേതൃത്തിൽ ഇന്നലെ ഉച്ചയോടെ വീട്ടിലെത്തിയ ഹരിത സേനാ പ്രവർത്തകർ വീടിൻറെ പൂട്ട് തകർത്ത് അയൽ വീടുകളിൽ അഭയം പ്രാപിച്ച കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു. വടകരയിലെ സ്വകാര്യ ഫിനാൻസ് കമ്പനിയാണ് കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കുടുംബത്തെ പെരുവഴിയിലാക്കി ആറു സെൻറ് ഭൂമിയും ഭാഗികമായി പണി പൂർത്തിയാക്കിയ വീടും കരസ്ഥപ്പെടുത്തിയത്. ഫിനാൻസ് കമ്പനി വീടിൻറെ ചുവരിൽ സ്ഥാപിച്ച ബോർഡുകളും ഹരിത സേനാ പ്രവർത്തകർ എടുത്തു മാറ്റി. കമ്പനി നിയമിച്ച സെക്യൂരിറ്റി ജീവനക്കാരൻ ഹരിത സേനാ പ്രവർത്തകരെ കണ്ടതോടെ സ്ഥലം വിട്ടു. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മൂലക്കാപ്പിൽ രാജനനും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെയാണ് രണ്ടു ദിവസം മുമ്പ് വടകരയിലെ ഫിനാൻസ് കമ്പനി കുടിയിറക്കിയത്. ഇതിനു ശേഷം ഇവർ പരിസരത്തെ വീടുകളിലായാണ് കഴിഞ്ഞിരുന്നത്. മക്കൾക്ക് പരീക്ഷാ കാലമാണെന്നും അതു കഴിയുന്നത് വരെ ജപ്തി നടപടികൾക്ക് സാവകാശം വേണമെന്ന് രാജൻറെ ഭാര്യ കേണപേക്ഷിച്ചെങ്കിലും കനിവുണ്ടായില്ല. ഇ.എം.എസ്. ഭവന നിർമ്മാണ പദ്ധതിയിൽ നിന്ന് ലഭിച്ച അമ്പതിനായിരം രൂപ കൊണ്ട് വീട് നിർമ്മാണം എങ്ങുമെത്താത്ത സ്ഥിതി വന്നപ്പോഴാണ് നാലര വർഷം മുമ്പ് ഫിനാൻസ് കമ്പനിയിൽ നിന്ന് ഒന്നര ലക്ഷം രൂപ വായ്പക്കായി അപേക്ഷ നൽകിയത്. ഇൻഷൂറൻസ് ചാർജ്, പ്രോസസിംഗ് ചാർജ് തുടങ്ങിയവ കഴിച്ച് 120000 രൂപയാണ് ഇവിടെ നിന്നും ലഭിച്ചത്. മാസം 3800 രൂപയായിരുന്നു തിരിച്ചടവ്. ഒരു വർഷം കൃത്യമായി പണം തിരിച്ചടച്ചെങ്കിലും സാമ്പത്തിക പ്രയാസം മൂലം തിരിച്ചടവ് മുടങ്ങി. ഇപ്പോൾ 360000 രൂപ ബാധ്യതയുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ചു. വീടിൻറെ സുരക്ഷക്കായി ഒരു ജീവനക്കാരനെയും നിയമിചിരുന്നു.