നാദാപുരം: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത നിരവധി കുടുംബങ്ങൾ കടക്കെണിയിൽ പെട്ട് ജീവിതം വഴി മുട്ടിയ അവസ്ഥയിൽ എത്തി നിൽക്കുകയാണ്. നാദാപുരം മേഖലയിൽ വീട് നിർമ്മാണത്തിനായും മറ്റും ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത കുടുംബങ്ങൾ നിരവധിയുണ്ട്. ഗ്രാമീണ മേഖലയിലെ കൂലിപ്പണിക്കാരായ സാധാരണക്കാരാണ് ഇവരുടെ വലയിൽ പെട്ടിരിക്കുന്നത്. വാണിമേൽ ഗ്രാമ പഞ്ചായത്തിലെ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ഒരു കുടുംബത്തെ യാതൊരു സാവകാശം പോലും നൽകാതെ വീട്ടിൽ നിന്നും ബലം പ്രയോഗിച്ച് ഇറക്കി വിട്ട് വീടും ആറര സെൻറ് ഭൂമിയും കരസ്ഥപ്പെടുത്തിയത് ഏറെ വിവാദമായിരുന്നു. സാധാരണ ദരിദ്ര കുടുംബങ്ങളാണ് ഇവരുടെ വലയിൽ പെട്ടിരിക്കുന്നത്. ഇത്തരം കുടുംബങ്ങളെ വല വീശിപ്പിടിക്കാനായി സ്ഥാപനങ്ങളുടെ ഏജൻറുമാർ നാട്ടിൻ പുറങ്ങളെയാണ് ലക്ഷ്യമിടുന്നത്. ദേശസാത്കൃത ബാങ്കുകളിൽ നിന്നോ സഹകരണ ബാങ്കുകളിൽ നിന്നോ വായ്പകൾ ലഭിക്കാൻ താഴ്ന്ന വരുമാനക്കാർക്ക് കടമ്പകൾ ഏറെയുണ്ട്. എന്നാൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിട്ട് വീടുകളിലെത്തിയാണ് വായ്പ നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നത്. വായ്പാ ലഭിക്കാനുള്ള നടപടികൾ ലഘൂകരിക്കപ്പെടുന്നതോടെ സാധാരണ കുടുംബങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നു. ഇടപാടുകാരെ സംഘടിപ്പിക്കുന്ന ഏജൻറുമാർക്ക് ഉയർന്ന കമ്മീഷനാണ് ഇവർ നൽകുന്നത്. അതിനാൽ തന്നെ നിരവധി ഏജൻറുമാരാണ് ഈ രംഗത്തുള്ളത്. ഊതിപ്പെരുപ്പിച്ച കണക്കുകൾ നിരത്തി സാധാരണക്കാരെ സമീപിക്കുന്ന ഏജന്റുമാരുടെ വലയിൽ ജീവിതത്തിൻറെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന താഴ്ന്ന വരുമാനക്കാർ വീണു പോകുന്നത് സാധാരണമാണ്. ഉയർന്ന പലിശ നിരക്കാണ് ഇത്തരം സ്ഥാപനങ്ങൾ ഈടാക്കുന്നത്. കൂടാതെ ഇൻഷൂറൻസ്, പ്രോസസ്സിംഗ് ചാർജുകൾ, മറ്റു ഫീസുകൾ എന്നിങ്ങനെ ഭീമമായ തുക വായ്പയിൽ നിന്നും കുറച്ചാണ് തുക നൽകുക. ഏതെങ്കിലും കാരണവശാൽ തിരിച്ചടവ് ഒരു തവണ തെറ്റിയാൽ പോലും പിഴപ്പലിശയിനത്തിൽ വൻ തുകയാണ് ഇവർ ഈടാക്കുന്നത്. ഒരു പ്രാവശ്യം ഇവരുടെ വലയിൽ പെട്ട് പോയാൽ ഇടപാട് തീർത്ത് സ്വതന്ത്രരാവുന്നത് എളുപ്പമുള്ള കാര്യമല്ല. മലയോര മേഖലയിലെ വളയം, വാണിമേൽ ഗ്രാമ പഞ്ചായത്തുകളിൽ നിരവധി പേർ ഇപ്പോൾ ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. വാണിമേലിൽ രണ്ടു വീടുകളിൽ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാരെത്തി ജപ്തി നോട്ടീസുകൾ പതിച്ചു കഴിഞ്ഞു.