പേരാമ്പ്ര : സി.കെ.ജി ഗവ.കോളേജിൽ വിദ്യാർഥികളെ കാണാനെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളിധരനെ എസ്എഫ്‌ഐ നേതൃത്വത്തിൽ തടഞ്ഞത് അവകാശ നിഷേധമാണന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് പറഞ്ഞു. മുരളീധരനെ തടഞ്ഞ സംഭവത്തിൽ നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പി.എം. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, കെ.സി. ഗോപാലൻ, ദിനേശൻ വാല്യക്കോട്, എ. ഗോവിന്ദൻ, അഡ്വ. അനിൽകുമാർ, ഗീത കല്ലായ് എന്നിവർ സംസാരിച്ചു. കെ. മുരളീധരനെ സികെജി ഗവ. കോളേജിൽ തടഞ്ഞ എസ്എഫ്‌ഐ നടപടി ജയരാജൻ വടകരയിൽ കാലുകുത്തിയതോടെയുള്ള ഗുണ്ടായിസ രാഷ്ട്രീയത്തിന്റെ തെളിവാണ്. മണ്ഡലത്തിൽ കാലുകുത്തിയതു മുതൽ ഇടതുപക്ഷത്തിന്റെ വെപ്രാളമാണ് ഇത്തരത്തിലുള്ള നടപടികൾ. ഇതിനെതിരെ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്ന് ചങ്ങരോത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.ടി. സരീഷ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പ്രകാശൻ കന്നാട്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.