rahul-gandhi

കൽപ്പറ്റ: വയനാട് മണ്ഡലം രൂപീകരിച്ച ശേഷം നടക്കുന്ന മൂന്നാമത്ത തിരഞ്ഞെടുപ്പാണിത്. 2009- ലായിരുന്നു അങ്കം. കോൺഗ്രസ് സ്ഥാനാർത്ഥി എം.ഐ. ഷാനവാസ് എല്ലാവരെയും ഞെട്ടിച്ച് 1,53,439 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിൽ വിജയി.

പക്ഷേ, മണ്ഡലത്തിലേക്ക് പിന്നീട് ഷാനവാസിന്റെ വരവ് കുറഞ്ഞു. രോഗാവസ്ഥ കാരണമാണ് മണ്ഡലത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെ പോയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിന്റെ ഇഫക്റ്ര് 2014ലെ തിരഞ്ഞെടുപ്പിൽ കണ്ടു. ഷാനവാസിന്റെ ഭൂരിപക്ഷം 20,870 ആയി കുറഞ്ഞു. സത്യൻ മൊകേരി ആയിരുന്നു ഇടതു സ്ഥാനാർത്ഥി. രാത്രിയാത്രാ നിരോധനവും, കസ്തൂരിരംഗനും കാർഷികപ്രശ്നവും,നഞ്ചൻകോട്- നിലമ്പൂർ റെയിൽൽപ്പാതയുമെല്ലാം തിരഞ്ഞെടുപ്പിൽ അന്ന് വിഷയമായി.

വയനാ‌ട് ജില്ലയിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി നിയമസഭാ മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ഇതിൽ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ മണ്ഡലങ്ങൾ ഇടതു പക്ഷത്തിന്റെ പക്കലാണ്. സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം.

ത്രിതല പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് മേൽക്കൈ. വയനാട്ടിലെ കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി, മുക്കം നഗരസഭകൾ ഇടത് അക്കൗണ്ടിലാണ്. നിലമ്പൂർ നഗരസഭ മാത്രം യു.ഡി.എഫിന്. ആകെയുള്ള അമ്പത് ഗ്രാമ പഞ്ചായത്തുകളിൽ 29 എണ്ണവും ഭരിക്കുന്നത് ഇടതു മുന്നണി തന്നെ.

ത്രിതല പഞ്ചായത്തുകളിലും നിയമസഭാ മണ്ഡലങ്ങളിലും നേട്ടം കൊയ്ത തങ്ങൾക്ക് ആഞ്ഞുപിടിച്ചാൽ ലോക്‌സഭാ മണ്ഡലവും കൈക്കുള്ളിലാക്കാമെന്ന കണക്കുകൂട്ടൽ ഇത്തവണ എൽ.ഡി.എഫ് കേന്ദ്രൾക്കുണ്ടായിരുന്നു. അതിനുള്ള തയ്യാറെടുപ്പിനിടെയാണ് മത്സരിക്കാൻ രാഹുൽ ഗാന്ധി വരുന്നെന്ന വാർത്ത.

വയനാട് ലോക്‌സഭാ മണ്ഡലം:

 2009: മണ്ഡല രൂപീകരണം

 2009, 2014 ജയം: എം.ഐ ഷാനവാസ്

 2014 ഭൂരിപക്ഷം: 20,870

 ആകെ വോട്ടർമാർ: 13,25,788

 പുരുഷന്മാർ: 6,55,786

 സ്ത്രീകൾ: 6,70,002

അസംബ്ളി മണ്ഡലങ്ങൾ

അകെ: 7

എൽ.ഡി.എഫ്: 4

യു.ഡി.എഫ്: 3