നാദാപുരം: നാദാപുരം ഗവ. കോളേജിൻറെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന കല്ലാച്ചി തെരുവൻ പറമ്പ് കിണമ്പ്ര കുന്നിലെ കാമ്പസിൽ സാമൂഹ്യ ദ്രോഹികൾ അഴിഞ്ഞാടി. കോളേജിൻറെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കെട്ടിട നിർമ്മാണ സാമഗ്രികൾ തീ വെച്ചു നശിപ്പിച്ചു. ഇന്നലെ പുലർച്ചെ രണ്ടര മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. നാദാപുരം പൊലീസും ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു. മുപ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവ സ്ഥലത്ത് നിന്ന് ഒരു ബുള്ളറ്റ് മോട്ടോർ സൈക്കിളും രണ്ട് യുവാക്കളെയും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. കസ്റ്റഡിയിലെടുത്ത യുവാക്കൾക്കെതിരെ പൊതു സ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടു. കോളജ് കാമ്പസ്സിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ മദ്യ കുപ്പികളും ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഏതാനും മാസങ്ങൾക്ക് മുമ്പും കോളേജ് കാമ്പസിൽ സാമൂഹ്യ വിരുദ്ധരുടെ അക്രമം ഉണ്ടായിരുന്നു. ജനൽ ചില്ലുകളും, കുടിവെള്ള പൈപ്പുകളും തകർത്തിരുന്നു. രാത്രി കാലങ്ങളിൽ ഇവിടം കേന്ദ്രീകരിച്ച് മദ്യപാനവും മദ്യ വില്പനയും പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
പടം: കോളേജ് കാമ്പസിൽ മരപ്പലകൾക്ക് തീ പിടിച്ചത് ഫയർ ഫോഴ്‌സ് അണക്കുന്നു.