പേരാമ്പ്ര: രാജ്യത്തെ എല്ലാ മതേതര കക്ഷികളും ജനാധിപത്യ വാദികളും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറണമെന്ന് ആഗ്രഹിക്കുമ്പോൾ കേരളത്തിലെ സി.പി.എം മാത്രം അതിനെ എതിർക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തമിഴ്‌നാട്ടിലെയും ആന്ധ്രയിലെയും സി.പി.എം ഘടകങ്ങൾ രാഹുൽ പ്രധാനമന്ത്രിയാവണമെന്ന് പരസ്യമായി ആവശ്യപ്പെടുമ്പോഴാണ് കേരളത്തിലെ സി.പി.എം പുറംതിരിഞ്ഞു നിൽക്കുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ വരുമ്പോൾ അതിനെയും സി.പി.എം എതിർക്കുകയാണ്. പുതിയ സാഹചര്യത്തിൽ കേരളത്തിൽ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കും. 1979ലെ വിജയത്തേക്കാൾ പതിൻമടങ്ങ് വിജയമാണ് ഇത്തവണ ഉണ്ടാവുക. അഞ്ചു വർഷത്തെ മോദി ഭരണം കൊണ്ട്
ഭരണഘടനാ സ്ഥാപനങ്ങളും മതേതരത്വവും തകർന്നു. മോദി എങ്ങനെയാണോ രാജ്യത്തെ തകർത്തത് അതുപോലെയാണ് പിണറായി വിജയൻ കേരളത്തെ തകർത്തത്. ബി.ജെ.പിയുടെ ഫാസിസ്റ്റ് നയത്തിനും സി.പി.മ്മിന്റെ അക്രമ രാഷ്ട്രീയത്തിനുമെതിരെയാണ് യു.ഡി.എഫ് വോട്ട് ചോദിക്കുന്നത്. ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായ കെ. മുരളീധരൻ വടകരയിൽ വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
യു.ഡി.എഫ് പേരാമ്പ്ര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ ടി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി കെ. മുരളീധരൻ, പാറക്കൽ അബ്ദുല്ല എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺകുമാർ, യു.ഡി.എഫ് ജനറൽ കൺവീനർ യു. രാജീവൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന ഭാരവാഹികളായ വി.സി ചാണ്ടി, അഡ്വ. മുഹമ്മദ് ഇഖ്ബാൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്, കേരള കോൺഗ്രസ് (ജേക്കബ് ) ജില്ലാ ഭാരവാഹികളായ രാജൻ വർക്കി, മനോജ് ആവള, എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: എസ്.കെ അസൈനാർ (ചെയർമാൻ), പി.ജെ തോമസ് (ജനറൽ കൺവീനർ), പി.പി രാമകൃഷ്ണൻ (ട്രഷറർ).