പേരാമ്പ്ര:ആവേശം വാനോളമുയർത്തി പേരാമ്പ്ര മണ്ഡലത്തിന്റെ മനം കവർന്ന് പി.ജയരാജന്റെ പര്യടനം. കൊടുംവെയിലിനെ അവഗണിച്ച് സ്ഥാനാർത്ഥിയെ വരവേൽക്കാനെത്തിയത് ഓരോ കേന്ദ്രത്തിലും സ്ത്രീകളും കുട്ടികളുമുൾപെടെ ആയിരങ്ങൾ.
ഇന്നലെ രാവിലെ ഒമ്പതിന് വോട്ടഭ്യർത്ഥനക്കൊപ്പം ജന സേവനവുമെന്ന മുദ്രാവാക്യവുമായി പേരാമ്പ്ര ടാക്‌സി സ്റ്റാന്റിൽ അണിനിരന്ന എൽ.ഡി.എഫ് യുവ ജനസംഘടനകളുടെ നേതൃത്വത്തിലുള്ള ആയിരത്തോളം യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണൻ നിർവഹിച്ചു. പാസ്സിങ്ങ് ഔട്ട് പരേഡിൽ കേരളത്തിൽ സാന്ത്വന പരിചരണ രംഗത്ത് പ്രശസ്തമായ കണ്ണൂർ ഐആർപിസി യുടെ ചെയർമാൻ കൂടിയായ സ്ഥാനാർത്ഥി പി.ജയരാജൻ അഭിവാദ്യം സ്വീകരിച്ചു. എൽജെഡി നേതാക്കളായ കെ പി മോഹനൻ, മനയത്ത് ചന്ദ്രൻ, സി പി എം ജില്ലാ സെക്രട്ടറി പി.മോഹനൻ തുടങ്ങിയവർ സന്നിഹിതരായി. സി സുജിത്ത് അദ്ധ്യക്ഷനായി.എസ് കെ സജീഷ് സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വാല്യക്കോട് നിന്നാരംഭിച്ച പര്യടന പരിപാടി മുൻ മന്ത്രിയും എൽജെഡി സംസ്ഥാന നേതാവുമായ കെ.പി മോഹനൻ ഉദ്ഘാടനം ചെയ്തു. നൂറ് കണക്കിനാളുകൾ പങ്കെടുത്തു. തുടർന്നു് കുരുടിമുക്ക് അരിക്കുളം പഞ്ചായത്ത് മുക്ക്, കീഴരിയൂരിലെ കുന്നോത്ത് മുക്ക്, നരക്കോട്, എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണങ്ങൾ പിന്നിട്ട് മേപ്പയൂരിനടുത്ത ട്രാൻസ്‌ഫോർമർ മുക്കിലെത്തുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. മേപ്പയൂർ ടൗണിലെ നൂറിൽ പരം ഓട്ടോറിക്ഷകളുടേയും നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടേയും അകമ്പടിയോടെ സ്ഥാനാർത്ഥിയെ മേപ്പയൂർ ടൗണിലേക്ക് ആനയിച്ചു.മുത്തുക്കുടകളും ബാനറുകളും സ്ഥാനാർത്ഥിയുടെ ചിത്രം പതിച്ച ബോർഡുകളുമായി വൻ ജനാവലി ടൗണിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. മേപ്പയൂരിൽ മുസ്ലീം ലീഗിന്റെ പ്രമുഖ നേതാക്കളായ അഞ്ചു പേർ രാജിവെച്ച് പി.ജയരാജനെ സ്വീകരിക്കാനെത്തിയത് ആവേശം പകർന്നു. കണ്ണൂരിൽ നിന്നെത്തിയ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രവർത്തക സമിതി അംഗം മണികണ്ഠൻ നായർ ,ഐ ആർ പി സി കൺവീനർ പി വി സതീശ് കുമാർ, ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ ദിപ് എന്നിവരും പി.ജയരാജനെ പൊന്നാടയണിയിച്ചു. വൈകുന്നേരം തുറയൂർ, മുയിപ്പോത്ത്, കക്കറമുക്ക്, എരവട്ടൂർ കനാൽ മുക്ക്, കൂത്താളി, പാലേരി, പന്തിരിക്കര, മുതുകാട് പിള്ളപ്പെരുവണ്ണ, കോടേരിച്ചാൽ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങൾക്ക് ശേഷം വെള്ളിയൂരിൽ സമാപിച്ചു. . മുന്നണി നേതാക്കളായ എൻ കെ വത്സൻ, കെ കുഞ്ഞമ്മത്, എ കെ പത്മനാഭൻ ,എ കെ ബാലൻ, എൻ കെ രാധ,എ കെ ചന്ദ്രൻ ,കിഴക്കയിൽ ബാലൻ, ഇ കുഞ്ഞിക്കണ്ണൻ,എൻ പി ബാബു, കെ സജീവൻ, കെ ലോഹ്യ, കെ പി ആലിക്കുട്ടി, എം കുഞ്ഞിരാമുണ്ണി, കെ പ്രദീപ് കുമാർ, എം കുഞ്ഞമ്മത്, എസ് കെ സജീഷ്, ഇ കുഞ്ഞിരാമൻ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, എൻ എസ് കുമാർ,.കെ കെ ഭാസ്‌കരൻ, കെ കുഞ്ഞിരാമൻ, എ ടി സി അമ്മത്, കെ നാരായണൻ, കെ ടി രാജൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.