വടകര: കുറ്റ്യാടി ഇറിഗേഷന് കീഴിലെ ചോറോട്, ഒഞ്ചിയം, അഴിയൂർ, ഏറാമല എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം മുട്ടുന്നു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം വേണ്ടത്ര കാലവർഷം ലഭിക്കാതായതുമാണ് കിണറുകളിൽ വെള്ളം കുറയാൻ കാരണമായത്. മാർച്ച് മാസം മുതൽ കനാലിൽ വെള്ളം തുറന്നു വിടുന്നതോടെ ഉൾനാടുകളിലടക്കമുള്ള കൈ കനാലുകളിലും വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടാവുന്നതോടെ കിണറുകളിൽ ആവശ്യത്തിന് വെള്ളം ലഭിക്കുമായിരുന്നു. വരൾച്ച മുൻകൂട്ടി കണ്ട് ദീർഘവീക്ഷണത്തോടെ നടപ്പിലാക്കിയ കനാൽ യഥാസമയം അറ്റകുറ്റപണികൾ ചെയ്യുന്നതിലെ അപാകതയാണ് നാട്ടുകാരുടെ കുടിവെള്ളം മുട്ടുന്ന സ്ഥിതിയിലെക്ക് ഇപ്പോൾ എത്തിച്ചത് . അഴിയൂർ ബ്രാഞ്ച് കനാലിൽ പെടുന്ന ചോറോട് വൈക്കിലശ്ശേരി, വെള്ളികുളങ്ങര, ഒഞ്ചിയം എന്നിവിടങ്ങളിൽ റോഡിന് കുറുകെ നിർമ്മിച്ച അക്വഡേററുകൾക്ക് ചോർച്ച വന്നതും അറ്റകുറ്റപ്പണിയുടെ അഭാവത്താൽ ചിലത് പൊട്ടിവീഴാൻ തുടങ്ങിയതുമാണ് ഇത് വഴിയുള്ള വെള്ളത്തിന്റെ ഒഴുക്കിന് തടയിട്ടത്. വള്ളിക്കാട് വൈക്കിലശ്ശേരി ഭാഗത്തെ അക്വഡേറ്റ് തകർന്ന് വീഴുമെന്ന ഭീഷണി ഉയർന്നതോടെ പൊളിച്ചുമാറ്റുകയും ഇതോടെ ചോറോട്, ഒഞ്ചിയം, അഴിയൂർ പഞ്ചായത്തുകളിലേക്ക് കനാൽ വെള്ളം തീരേ ലഭിക്കാതാവുകയും ചെയ്തു. കർഷക സംഘം ഉൾപ്പെടെ വിവിധ സംഘടനകളും ഒഞ്ചിയം ഗ്രാമ പഞ്ചായത്തും നിരവധി തവണ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നു. ഒടുവിൽ വള്ളിക്കാട് വൈക്കിലശ്ശേരിയിൽ പൊളിച്ചുമാറ്റിയ അക്വഡേറ്റിന് പകരം റോഡിന് അടിയിൽ കൂടി പൈപ്പ് സ്ഥാപിച്ച്‌ വെള്ളം ഒഴുക്കാനുള്ള നടപടി ഉണ്ടാവുമെന്ന ഉറപ്പുണ്ടായി. ഇതിനായി കഴിഞ്ഞ ഡിസംബറിൽ നാലര കോടി രൂപ അനുവദിക്കപ്പെട്ടതായും അറിയുന്നു. ഇതിന് കൊൽക്കത്തയിൽ നിന്നാണ് പൈപ്പ് എത്തേണ്ടതെന്നും ആവശ്യമുള്ളതിന്റെ പൈപ്പ് പകുതി ഭാഗം എത്തിയിട്ടുണ്ടെന്നും ബാക്കി ഭാഗം പൈപ്പ് എത്തുന്നതിലെ താമസമാണ് കനാൽ ജോലി താമസിക്കുന്നതെന്ന് പുതുപ്പണം അസിസ്റ്റന്റ് എൻജിനീയർ മനുമോഹൻ പറഞ്ഞു.