കുറ്റ്യാടി: കുറ്റ്യാടി പരിസര പ്രദേശങ്ങളിലെ നാളികേര കർഷകരും നാളികേരത്തെ ആശ്രയിച്ചു ജീവിക്കുന്നവരും ആശങ്കയിൽ. കുറ്റ്യാടി, മരുതോങ്കര, കായക്കൊടി, കാവിലുംപാറ, വേളം, പഞ്ചായത്തുകളിലെ ഗുണമേന്മയുള്ള നാളികേരമാണ് കേരളത്തിനകത്തും പുറത്തുമുള്ള വിപണ കേന്ദ്രങ്ങളിൽ പ്രധാനിയെങ്കിലും ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഒരു ഭാഗത്ത് കാലാവസ്ഥ വ്യതിയാനവും തെങ്ങുകൾക്ക് ബാധിക്കുന്ന മാരക രോഗങ്ങളുമാണെങ്കിൽ മറുവശത്ത് നാളികേരത്തിന്റെ വിലയിടിവാണുള്ളത്. നാളികേര കൃഷിയിൽ വേണ്ടത്ര പ്രോത്സാഹനവും ശ്രദ്ധയും പതിപ്പിക്കാതെ അന്യദേശങ്ങളിൽ നിന്നും ഗുണമേന്മയിലാത്തനാളികേരം ഇറക്കുമതി ചെയ്യന്നത് തെങ്ങിനെയും നാളികേരത്തെയും ആശ്രയിച്ചു ജീവിക്കുന്ന ഗ്രാമീണ ജനതയ്ക്ക് പ്രയാസമുണ്ടാക്കുകയാണ്. പച്ച തേങ്ങയ്ക്ക് നാൽപത്തിയഞ്ച് രൂപയുടെ മുകളിൽ ഉണ്ടായിരുന്ന സ്ഥാനത്ത് ഇരുപത്തി ഒൻപത്, മുപ്പത് രൂപ മാത്രമാണ് ലഭിക്കുന്നത്. അഞ്ച് വർഷം മുൻപു ഉണ്ടായിരുന്ന വില തന്നെയാണ് ലഭിക്കുന്നത്. വൻകിട കച്ചവടക്കാരുടെ കടന്നുകയറ്റം സ്വദേശ ചെറുകിട കച്ചവക്കാരെയും ബാധിക്കുകയാണ്. ചെറുകിട കച്ചവടക്കാർ കൃഷി കാരിൽ നിന്നും നാളികേരം എങ്ങനെ വാങ്ങുമെന്ന ആശങ്കലിയാണ്. ഒരു കാലത്ത് കേരഫെഡ് കൃഷി ഭവനുകൾ വഴി ശേഖരിച്ചിരുന്ന നാളികേരത്തിന് കിലോയ്ക്ക് 25 മുതൽ 30 വരെ നൽകിയിരുന്നു. അകാലത്ത് 15 മുതൽ 20 രൂപ വരെയായിരുന്നു വിപണിയിലെ വില. സംഭരണത്തിന്റെ തുടക്കത്തിൽ ഒരാഴ്ചയ്ക്കകം ക്യഷിക്കാരന് പണവും ലഭിച്ചിരുന്നു. ശേഷം ആറ് മാസത്തോളം കാത്ത് നിൽക്കേണ്ടി വന്നു. കർഷകന് താങ്ങാവുന്നതിൽ അധികം പ്രയാസം നേരിട്ടപ്പോൾ സ്വകാര്യ കച്ചവടക്കാരിലേക്ക് മടങ്ങേണ്ടതായി വന്നു. തുടർന്ന് കൃഷിഭവനുകളിൽ നാളികേരം എത്താറാവുകയും സംഭരണം നിർത്തേണ്ട സാഹചര്യമെത്തുകയുമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ ഏറെ ബാധിച്ച കർഷകർക്ക് അധിക വില കിട്ടാൻ പൊതുമാർക്കറ്റിനെ ആശ്രയിക്കേണ്ടിയും വന്നു. പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല അവലോകനങ്ങൾ നടന്നെങ്കിലും കേരകർഷകർക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് പറയുന്നത്. ഒരു തെങ്ങ് കയറാനുള്ള കൂലി അമ്പത് രൂപയോളം രൂപയാണ്. ഒരു തെങ്ങിൽ നിന്നും ശരാശരി ഉത്പാദനം എഴുപത്, എഴുപത്തിയഞ്ച് തേങ്ങ ലഭിക്കുമെന്നാണ് അധികാരികൾ പറയുന്നത്. പക്ഷെ കഷ്ട്ടിച്ച് നാൽപത് തേങ്ങകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നതെന്നാണ് കർഷകർ പറയുന്നത്. ഇത്തമൊരവസ്ഥയിൽ പ്രയാസപെടുന്ന മലയോര നാളികേര കർഷകർക്ക് വേണ്ട സഹായമെത്തിക്കാൻ ബന്ധപെട്ട അധികാരികളുടെ ഇടപെടലുകൾ ശക്തമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
പടം :കൃഷിഭൂമിയിൽ നാളീകേരം ശേഖരിക്കുന്ന കൃഷിക്കാരൻ