vayanad-rahul-gandhi

കൽപ്പറ്റ:അതേ,ആളും ആരവവുമില്ല. ഇപ്പോൾ വയനാട് ഡി.സി.സി ഒാഫീസിൽ ശ്മശാന മൂകത.വയനാട് ലോകസഭാ മണ്ഡലത്തിൽ രാഹുൽഗാന്ധി സ്ഥാനാർത്ഥിയാകില്ലെന്ന് ആരും പറയാതെ തന്നെ വയനാട്ടിലെ കോൺഗ്രസ് നേതാക്കൾക്കും ഘടക കക്ഷികൾക്കും ഉറപ്പായത് പോലെ.

രാഹുൽഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇടിമിന്നൽ പോലെ വന്നെത്തിയത്.പിന്നെ നാലഞ്ച് ദിവസം വയനാട് ഡി.സി.സിയിൽ നിന്ന് തിരിയാൻ പോലും പറ്റാത്ത തരത്തിൽ ജനപ്രവാഹം.വയനാടിന്റെ മുക്കിലും മൂലയിൽ നിന്ന് പോലും പ്രവർത്തകരും നേതാക്കളും ഇവിടേക്ക് ഒഴുകിയെത്തി.

എന്നാൽ ഇപ്പോൾ സ്ഥിതി ആകെ മാറി. പ്രവർത്തകർ ആകെ നിരാശയിലും സംസ്ഥാന നേതാക്കളോട് അമർഷത്തിലുമാണ്. എന്തിന് വെറുതെ പറഞ്ഞ് പറ്റിച്ചുവെന്നാണ് ഇവിടെയുളള അടക്കം പറച്ചിൽ.രാഹുൽ മത്സരിക്കാത്തതിൽ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ പോലും പ്രതിഷേധ സ്വരം ഉയർത്തി. ഇന്നലെ മുസ്ലീം ലീഗ് വയനാട് ഘടകവും പ്രതിഷേധക്കുറിപ്പിറക്കി.

ഇനി രാഹുൽ ഗാന്ധി വന്നാൽ മാത്രമേ ആവേശം പതഞ്ഞ് പൊങ്ങൂ എന്ന അവസ്ഥയിലായിട്ടുണ്ട്.ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർ അത്രക്കും നിരാശയിലാണ്. ഇത് തിരഞ്ഞെടുപ്പിൽ കാര്യമായി തന്നെ ബാധിക്കുമെന്ന് നേതാക്കൾ തന്നെ പറയാൻ തുടങ്ങി.തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ പാേലും അടിച്ച് പി‌രിയുന്ന കാഴ്ചയാണ് ജില്ലയിൽ നിന്ന് ഉണ്ടായത്.

ഇടത് മുന്നണി സ്ഥാനാർത്ഥി പി.പി.സുനീർ മൂന്നാം ഘട്ട പ്രചാരണത്തിലേക്കായി ഇന്ന് വീണ്ടും ചുരം കയറിയെത്തും.നോമിനേഷനും നൽകും. എന്നിട്ടും യു.ഡി. എഫിൽ ഒരു തീരുമാനവും ഉണ്ടായില്ല.നോമിനേഷനുകൾ കൊടുക്കാൻ ഒാരോരുത്തരായി എത്തുമ്പോൾ യു.ഡി.എഫ് പ്രവർത്തകരുടെ നെഞ്ച് കാളുന്നു. ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ തന്നെ എന്തെല്ലാം ചെയ്യണം. അതിന് ഇരുപത്തിമൂന്ന് ദിവസം മാത്രമേ മുന്നിലുളളു. എങ്ങനെ ഒാടിയെത്തും. ഫണ്ട് പിരിവ് പോലും മു‌ടങ്ങി. സ്ഥാനാർത്ഥി ആരാണെന്ന് പ്രഖ്യാപിക്കാതെ എങ്ങനെ ഫണ്ട് പിരിക്കും?. അതാണ് ചിലരുടെ വിഷമം. സ്ഥാനാർത്രഥി നിർണ്ണയം ഇനിയും നീണ്ടാൽ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം