പേരാമ്പ്ര: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി . കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി എം.കെ. രാഘവന്റെ പര്യടന പരിപാടി കൂരാച്ചുണ്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷം കൊണ്ട് മോദി സർക്കാർ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങളും തകർത്തു. നമ്മുടെ അഭിമാനമായ ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയാണ്.
. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാർ എല്ലാം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കാർഷിക കടാശ്വസത്തിന്റെ ഉത്തരവ് അഞ്ച് ദിവസം വൈകിപ്പിച്ചതോടെ കർഷകർക്ക് ആനുകൂല്യങ്ങൾ നഷ്ടമായിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ശക്തമായ വിധിയെഴുത്തുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മർ പാണ്ടികശാല അദ്ധ്യക്ഷത വഹിച്ചു. ടി. സിദ്ധിഖ്, എം.എ. റസാഖ്, കെ.സി. അബു, പി.എം. നിയാസ്, കെ.എം. അഭിജിത്ത്, നജീബ് കാന്തപുരം, യു.ടി. രാമൻ, അഗസ്റ്റിൻ കാരക്കട, കെ. ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു.