പേരാമ്പ്ര : പുറ്റാട് ഗവ: എൽപി സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പു നൽകി . സ്‌കൂളിൽ നിന്ന് വിരമിക്കുന്ന കെ.ടി. വസന്ത, ടി. രാജേശ്വരി, പി.കെ. കാസിം എന്നിവരുടെ യാത്രയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ നാണയത്തുട്ടുകൾ ശേഖരിച്ചു സ്വരൂപിച്ച തുക സമൂഹത്തിൽ കഷ്ടതയനുഭവിക്കുന്ന ഒരു കുടുംബത്തിന് സഹായമായി നൽകി. യാത്രയയപ്പ് സമ്മേളനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. അമ്മത് അദ്ധ്യക്ഷത വഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ഗോപാലൻ മാസ്റ്റർക്ക് ശാരദ പട്ടേരി ഉപഹാരം സമർപ്പിച്ചു. വിരമിക്കുന്ന അധ്യാപകർക്ക് എ.ഇ.ഒ ഉപഹാരങ്ങൾ നൽകി. ബി.പി.ഒ വിനോദൻ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എം.കെ. അമ്മദ് സ്‌നേഹനിധി ഏറ്റുവാങ്ങി. ബാലൻ കുളങ്ങര, ടി.കെ. മോഹനൻ, പിടിഎ പ്രസിഡന്റ് നിതേഷ് തെക്കേലത്ത് എന്നിവർ സംസാരിച്ചു. ഇ. മജീദ് സ്വാഗതവും ഷാജിന് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.