പൊന്നാനി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനും ആദ്യ നിയമസഭാംഗവുമായ കൊളാടി ഗോവിന്ദൻകുട്ടിയുടെ ഭാര്യ ഡോ.പത്മം കൊളാടി (93) നിര്യാതയായി. മദിരാശി സർക്കാരിന്റെ കാലത്ത് വൈദ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഡോ.പത്മം കേരളത്തിലെ ആദ്യകാല ലേഡി ഡോക്ടറായി മലബാറിൽ പലയിടത്തായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൊളാടി ഗോവിന്ദൻകുട്ടിയുടെ സഹധർമ്മിണിയെന്ന നിലയിൽ കേരളത്തിന്റെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖരുമായെല്ലാമുള്ള അടുത്ത ബന്ധം അവസാനം വരെ കാത്തു സൂക്ഷിച്ചു. സാഹിത്യ സാംസ്‌കാരിക വിഷയങ്ങളിൽ അഗാധമായ അറിവിനുടമയായിരുന്നു. സംസ്‌കാരം ഇന്നുരാവിലെ 10ന് നടക്കും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ,
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ എക്‌സി. അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ, എ.ഐ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, ടി.വി. ബാലൻ, സി .എൻ ചന്ദ്രൻ, കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, തുടങ്ങിയവർ തൃക്കാവിലെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അജിത് കൊളാടി, അമൃത, അരുണ എന്നിവർ മക്കളും ശോഭ, അച്യുതൻ, ശിവപ്രസാദ് എന്നിവർ മരുമക്കളുമാണ്.