election-2019

കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ പൊലീസിന് തലവേദനയാവുക ഗുരുതരമായ സുരക്ഷാ പ്രശ്‌നം. ജില്ലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യം ഇൗയിടെ വർദ്ധിച്ചതാണ് പ്രധാന വെല്ലുവിളി. വൈത്തിരിയിലെ ഉപവൻ റിസോർട്ടിൽ പൊലീസും മാവോയിസ്റ്റ് പ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവ് സി.പി. ജലീൽ കൊല്ലപ്പെട്ടത് ഇൗയിടെയാണ്.അതിനു ശേഷവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായി.

വൈത്തിരിക്കടുത്ത സുഗന്ധഗിരിയിലും മക്കിമലയിലും തിരുനെല്ലിയിലും മാവോയിസ്റ്റുകൾ തുടർച്ചയായി എത്തുന്നുണ്ട്. ഏറ്റുമുട്ടലിൽ മരിച്ച സി.പി.ജലീലിന്റെ ചോരയ്‌ക്ക് പകരംചോദിക്കുമെന്ന് മുന്നറിയിപ്പു നൽകുന്ന മാവോയിസ്റ്ര് പോസ്റ്ററുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. വയനാട് ജില്ലയിൽ വനമേഖലയോടു ചേർന്നുള്ള പൊലീസ് സ്റ്റേഷനുകൾക്ക് നിലവിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരോട് റിവോൾവർ കരുതണമെന്ന് നിർദ്ദേശമുണ്ട്. വയനാടൻ വനമേഖലയിൽ മാത്രമല്ല, അതിർത്തി മേഖലകളിലും മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ട് സേന തിരച്ചിലിലാണ്.

ഇതിനിടയിലാണ് വയനാട്ടിലേക്ക് സ്ഥാനാർത്ഥിയായി രാഹുൽഗാന്ധിയുടെ വരവ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ വി.വി. വസന്തകുമാറിന്റെ വീട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി തയ്യാറായിരുന്നെങ്കിലും സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിലാണ് പിന്നീട് പരിപാടി റദ്ദാക്കിയത്. മണ്ഡലം മുഴുവൻ സ്ഥാനാർത്ഥിക്ക് സഞ്ചരിക്കേണ്ടി വരുമ്പോൾ രാഹുലിന്റെ സുരക്ഷ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആലോചന..