കോട്ടയം: കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്ത്ത് വൈകിയതോടെ തണ്ണീർമുക്കം ബണ്ട് തുറക്കുന്നതും നീളുമെന്നുറപ്പായി. ഒഴുക്ക് നിലച്ച് പായലും പോളയും നിറഞ്ഞ് വേമ്പനാട്ടു കായലിലും സമീപ ആറുകളിലും തോടുകളിലും ജലമലിനീകരണം രൂക്ഷമാണിപ്പോൾ. പകർച്ച വ്യാധികൾ പടിവാതിൽക്കലെത്തി നിൽക്കേ ബണ്ട് തുറക്കുന്നത് വൈകുന്നത് സ്ഥിതി കൂടുതൽ വഷളാക്കും.
ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് തണ്ണീർമുക്കം ബണ്ട് സാധാരണ തുറക്കുന്നത് . ഉപ്പുവെള്ളം നേരത്തേ എത്തിയതിനാൽ നെൽകൃഷി നശിക്കാതിരിക്കാൻ കൃത്യസമയത്ത് ബണ്ട് അടച്ചിരുന്നു. പല പാടശേഖരങ്ങളിലും കൊയ്ത്ത് അവസാനിക്കുമ്പോൾ ഏപ്രിൽ പാതിയെങ്കിലുമാകുമെന്നാണ് പാടശേഖര സമിതിക്കാർ പറയുന്നത്. ബണ്ട് തുറക്കുന്നത് അതു വരെ നീണ്ടേക്കും.
അതേ സമയം ബണ്ട് മാർച്ച് 15ന് തന്നെ തുറക്കണമെന്ന ആവശ്യവുമായി മത്സ്യ തൊഴിലാളികൾ രംഗത്തെത്തി. തുറക്കുന്നത് നീട്ടിവച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്. സാധാരണ ബണ്ടിന്റെ ഷട്ടർ അടയ്ക്കുന്നതോടെ ഷട്ടറിനടിയിൽ കരിങ്കൽ വച്ച് ഉയർത്തി മത്സ്യതൊഴിലാളികൾ മീൻ പിടിച്ചിരുന്നു. ഉപ്പുവെള്ളം ഇങ്ങനെ കയറുന്നതിനെതിരെ കർഷകർ രംഗത്തു വന്നതോടെ 90 ഷട്ടറുകളും ലോക്ക് ചെയ്യാൻ അധികൃതർ തീരുമാനിച്ചു. എന്നാൽ ഇതുവരെ ഈ നടപടികൾ പൂർത്തിയായില്ല. ബണ്ട് ഒരു മാസം കഴിഞ്ഞ് തുറന്നാലും ലോക്ക് ഘടിപ്പിക്കുന്നത് പൂർത്തിയാകില്ലെന്നാണ് അധികൃതർ പറയുന്നത്. ഇത് മത്സ്യ തൊഴിലാളികളെ സഹായിക്കാനാണെന്നാണ് നെൽകർഷക സംഘടനകളുടെ ആരോപണം.
ബണ്ട് അടച്ച് രണ്ടര മാസം പിന്നിട്ടതോടെ കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങളിലെ ജല സ്രോതസുകൾ തീർത്തും മലിനമായി. മിക്ക പ്രദേശങ്ങളിലും കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ്. കുളിക്കാനോ തുണി അലക്കാനോ ആറുകളിലെയും തോടുകളിലെയും മലിനജലം ഉപയോഗിക്കാൻ കഴിയാതായി. പോളയും പായലും തിങ്ങി നിറഞ്ഞത് ജല ഗതാഗതത്തെയും ബാധിച്ചു. പോള ചീഞ്ഞ മണം മൂലം ഹൗസ് ബോട്ട് സഞ്ചാരികളുടെ എണ്ണവും കുറഞ്ഞു.
കൊയ്ത്തു പൂർത്തിയായി ബണ്ട് തുറക്കുന്നതോടെ കായലിൽ ഒഴുക്കു സുഗമമാകും. ജല മലിനീകരണത്തിന് ഇതോടെ മാത്രമേ അവസാനമാകൂ. അതു കൊണ്ട് ബണ്ട് തുറക്കുന്നതും കാത്തിരിക്കുകയാണ് ജനങ്ങൾ .