പാലാ: ളാലം ബ്ലോക്ക് പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, കാർഷിക മേളയും ഇന്ന് രാവിലെ 10ന് പ്രവിത്താനത്ത് ബ്ലോക്ക് ഓഫീസ് അങ്കണത്തിൽ നടക്കുമെന്ന് പ്രസിഡന്റ് സിബി ഓടയ്ക്കൽ, കൃഷി അസി-ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. ബ്ലോക്ക് ഓഫീസിലെ സോളാർ പ്ലാന്റ് ഉദ്ഘാടനം, അംഗ പരിമിതർക്ക് വീൽ ചെയർ വിതരണം, ഭവന താക്കോൽദാനം, കംപ്യൂട്ടർ പരിശീലന കേന്ദ്രം പ്രവർത്തനോദ്ഘാടനം, സ്വരാജ് ട്രോഫി നേടുന്നതിന് സഹകരിച്ച നിർവഹണ ഉദ്യോഗസ്ഥരെ ആദരിക്കൽ എന്നിവ സംയുക്തമായി നടത്തുമെന്ന് വൈസ് പ്രസിഡന്റ് പൗളിറ്റ് തങ്കച്ചൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു എറയണ്ണൂർ എന്നിവർ പറഞ്ഞു.
കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ ജൈവകൃഷി പ്രദർശന വിപണന മേള, പച്ചക്കറി വിത്ത് വിതരണം , പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി ഉദ്ഘാടനം, കാർഷിക സെമിനാർ എന്നിവയും നടത്തുമെന്ന് കർഷക പ്രതിനിധി ബേബി ചെറിയാൻ, ബ്ലോക്ക് ടെക്നോളജി മാനേജർ സ്റ്റെഫി മൈക്കിൾ എന്നിവർ അറിയിച്ചു
സമ്മേളനം കെ.എം. മാണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് സിബി ഓടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി മുഖ്യ പ്രഭാഷണം നടത്തും.വിവിധ ജനപ്രതിനിധികൾ ആശംസകൾ നേരും.