pj-joseph

കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ് സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായി കേരളകോൺഗ്രസ്- എമ്മുമായി നാളെ ഉഭയകക്ഷി ചർച്ച നടക്കാനിരിക്കെ, കടുംപിടിത്തം തുടരുന്ന പി.ജെ. ജോസഫിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു.

പാർട്ടി പിളർത്തിയായാലും മത്സര തീരുമാനത്തിൽ മാറ്റമില്ലെന്ന നിലപാടിൽ നിന്ന് ജോസഫിനെ പിന്തിരിപ്പിക്കാൻ മുന്നണി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി,

മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ബെന്നി ബഹനാൻ തുടങ്ങിയ നേതാക്കൾ നേരത്തേ ശ്രമം നടത്തിയെങ്കിലും ഫലിച്ചിരുന്നില്ല.

സീറ്റ് നൽകുന്നില്ലെങ്കിൽ പാർട്ടി ചെയർമാൻ സ്ഥാനം കിട്ടണമെന്ന ജോസഫിന്റെ അൽപ്പം കടന്ന ഡിമാൻഡ് കെ.എം. മാണി അംഗീകരിച്ചുകൊടുക്കുമെന്ന് കരുതാനാവില്ല. ഈ സാഹചര്യത്തിൽ, കേരളകോൺഗ്രസ്- എമ്മിലെ അഭ്യന്തരകലഹം തിര‌ഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും യു.ഡി.എഫിനു വിനയാകുമോ എന്ന ആശങ്കയാണ് മുന്നണി നേതൃത്വത്തിന്. കാര്യങ്ങൾ അത്തരത്തിലേക്കു നീങ്ങിയാൽ ഇടപെടേണ്ടിവരുമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ മുന്നറിയിപ്പു നൽകുകയും ചെയ്‌തിരുന്നു.

കോട്ടയത്ത് ജോസഫിനെയല്ല, ജോസഫിനു താത്പര്യമുള്ളയാളെ പോലും മത്സരിപ്പിക്കില്ലെന്ന നിലപാടിൽ 'അമ്പിനും വില്ലിനും' അടുക്കാതെയാണ് മാണിയുടെ നിൽപ്പ്. ജോസഫിനു നൽകേണ്ട മുഴുവൻ പരിഗണനയും ലയനസമയത്തെ ധാരണയനുസരിച്ച് നൽകുന്നുണ്ടെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു.

ചെയർമാൻസ്ഥാനമോ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനമോ നൽകുന്നില്ലെങ്കിൽ, പിളർപ്പിനു ശേഷമുള്ള തന്റെ ഗ്രൂപ്പിനെ യു.ഡി.എഫ് ഘടകകക്ഷിയായി തുടരാൻ അനുവദിക്കണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തിനു മുന്നിൽ നിർദ്ദേശം വച്ചിരുന്നു. ഇതെല്ലാം തള്ളിയ മാണിയുടെ വിശ്വാസം, സഭാ, സമുദായ നേതാക്കളുടെ പിന്തുണയില്ലാതെ ജോസഫ് സ്വതന്ത്രനായി മത്സരിക്കില്ലെന്നാണ്. സീറ്റിന്റെ പേരിൽ പാർട്ടിയിലെ പിളർപ്പ് ഒഴിവാക്കണമെന്ന് ക്രൈസ്‌തവ മേലദ്ധ്യക്ഷരും എൻ.എസ്.എസ് നേതൃത്വവും ജോസഫിനോട് പറയുകയും ചെയ്‌തിരുന്നു.

ആറ് എം.എൽ.എമാരിൽ മോൻസ് ജോസഫ് മാത്രമാണ് ജോസഫിനൊപ്പം ഉറച്ചുനിൽക്കുന്നത്.കൂറുമാറ്റ നിരോധന നിയമം ഭയന്ന് ജോസഫിനൊപ്പം കൂടാൻ മറ്റുള്ളവരില്ല. ജോസഫ് വിഭാഗം പ്രത്യേക ഗ്രൂപ്പായി യു.ഡി.എഫ് ഘടകകക്ഷിയായി തുടർന്നാലും എത്ര പേർ ഒപ്പം നിൽക്കുമെന്ന് ഉറപ്പില്ല.ഇതാണ് മാണിയുടെ തുറുപ്പുചീട്ട്. ഒറ്റയ‌്ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രമുള്ളതിനാൽ ഇടഞ്ഞു നിൽക്കുന്ന ജോസഫ് എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.