palavum-roadum

തലയോലപ്പറമ്പ് : പുറംലോകവുമായി ബന്ധപ്പെടാൻ പാലവും റോ‌ഡും അഞ്ച് പതിറ്റാണ്ടായുള്ള മുണ്ടാർ നിവാസികളുടെ സ്വപ്നം യാഥാ‌ർത്ഥ്യത്തിലേക്ക് കടക്കുകയാണ്. സി.കെ.ആശ എം.എൽ.എയുടെ പ്രാദേശിക വികസനഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് എഴുമാംകായലിന് കുറുകെ പാലം നിർമ്മാണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് നെറ്റിത്തറ - പാറേൽ കോളനി റോഡിന് ജില്ലാ പഞ്ചായത്തിൽ നിന്നു ഫണ്ട് അനുവദിച്ചത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പാറേൽ കോളനി വരെ വാഹനങ്ങൾ എത്തും. നെറ്റിത്തറ പാലം പുതുക്കി പണിതാൽ എഴുമാന്തുരുത്ത് റോഡിലേക്കും എത്താനാകും.

നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് മുണ്ടാർ. 350 ഓളം കുടുംബങ്ങൾ കടത്ത് വള്ളത്തെയും ചങ്ങാടത്തെയും ആശ്രയിച്ചാണ് പുറംലോകത്ത് എത്തിയിരുന്നത്. മൂന്ന് വർഷം മുൻപ് ജനകീയസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പണം സ്വരൂപിച്ച് കൊല്ലങ്കരിഭാഗത്ത് താത്ക്കാലിക പാലത്തിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് മൂലം പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിനിടയിൽ സഹോദരിയുടെ വീട്ടിലേക്ക് വന്ന കല്ലറ സ്വദേശിയായ യുവാവും മുണ്ടാറിലെ വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാനെത്തിയ രണ്ട് മാദ്ധ്യമപ്രവർത്തകരും ഇവിടെ വള്ളംമുങ്ങി മരിച്ചിരുന്നു. തുടർന്നാണ് എം.എൽ.എ പാലം നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചത്. കായലിന് കുറുകെ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്ന ജോലികളും പൂർത്തിയായി.

മുണ്ടാർ നെറ്റിത്തറ - പാറേൽ കോളനി റോഡിന്റെ നിർമ്മാണോദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ് അദ്ധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ, പി.കെ.സോമൻ, സുജാതാ ഷാജി, അർച്ചന, തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം

350 ഓളം കുടുംബങ്ങൾ താമസിക്കുന്നു

ആശ്രയം കടത്തുവള്ളവും ചങ്ങാടവും

അടുത്തിടെ വള്ളം മുങ്ങി 3 പേർ മരിച്ചു