ചങ്ങനാശേരി : ഗതാഗത്തിരക്കും അപകടങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ട്രാഫിക് പൊലീസ് യൂണിറ്റിനെ ട്രാഫിക് പൊലീസ് സ്റ്റേഷനാക്കി ഉയർത്താനുള്ള ഉത്തരവ് പ്രാബല്യത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. 2016 മാർച്ചിലാണ് ട്രാഫിക് പൊലീസ് സ്റ്റേഷൻ അനുവദിച്ചുകൊണ്ട് അന്നത്തെ യു.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയത്. സി.എഫ്.തോമസ് എം.എൽ.എ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് സ്റ്റേഷൻ അനുവദിച്ചത്. തുടർന്ന് തിരഞ്ഞെടുപ്പ് വരുകയും പിന്നീട് പല കാരണങ്ങളാലും ട്രാഫിക് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടികൾ നീണ്ടുപോവുകയായിരുന്നു. ട്രാഫിക് പൊലീസ് സ്റ്റേഷൻ നിലവിൽ വന്നാൽ നഗരം ഇപ്പോൾ നേരിടുന്ന വൻ ഗതാഗതത്തിരക്കും വാഹനാപകടങ്ങളും ഒരു പരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ കെട്ടിട സംവിധാനങ്ങളും വാഹനങ്ങളും അനുവദിക്കുന്നതോടൊപ്പം മതിയായ പൊലീസുകാരേയും നിയമിച്ച് ട്രാഫിക് പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം പ്രസക്തമാകുന്നു. നിലവിലുള്ള ട്രാഫിക് പൊലീസ് വിഭാഗത്തിൽ ഒരു എസ്.ഐ , 5 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ, 15 സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരാണുള്ളത്. ഇവർക്ക് സ്വതന്ത്ര ചുമതലയും അധികാരവും ഇല്ലാത്തതുമൂലം ട്രാഫിക് രംഗത്ത് പ്രായോഗികമായും ഫലപ്രദമായും സേവനങ്ങൾ നിർവഹിക്കാൻ കഴിയുന്നില്ല. ട്രാഫിക് നിയമലംഘനങ്ങൾ സംബന്ധിച്ച നടപടികൾ മാത്രമേ ഇപ്പോൾ ട്രാഫിക് യൂണിറ്റിന് സ്വീകരിക്കാൻ കഴിയുന്നുള്ളു. അതിനാൽ ട്രാഫിക് അപകടങ്ങളും നിയമലംഘനങ്ങളും നിയന്ത്രിക്കാൻ ഏറെ സഹായകമാകുന്ന ട്രാഫിക് പൊലീസ് സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് യാത്രക്കാരും ആവശ്യപ്പെടുന്നു.