കോട്ടയം : കേരളത്തിലെ മികച്ച സർവകലാശാലയ്ക്ക് ഗവർണർ നൽകുന്ന ചാൻസലേഴ്‌സ് അവാർഡ് വിതരണം ഏഴിന് എം.ജി സർവകലാശാലയിൽ നടക്കും. ചാൻസലേഴ്‌സ് അവാർഡ് എം.ജിയ്ക്കും, മികച്ച എമർജിംഗ് യംഗ് സർവകലാശാലയ്ക്കുള്ള അവാർഡ് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലയ്ക്കും സമ്മാനിക്കും. അഞ്ചുകോടി രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ചാൻസലേഴ്‌സ് അവാർഡ്. ഒരു കോടി രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മികച്ച എമർജിംഗ് യംഗ് സർവകലാശാലയ്ക്കുള്ള അവാർഡ്. രാവിലെ 10 ന് സർവകലാശാല അസംബ്ലിഹാളിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് (റിട്ട.) പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഡോ. കെ.ടി. ജലീൽ എന്നിവർ പങ്കെടുക്കും. രണ്ടാം തവണയാണ് എം.ജിയ്ക്ക് അവാർഡ് ലഭിക്കുന്നത്.