കോട്ടയം : എക്‌സൈസ് സംഘത്തെ ആക്രമിച്ച് പ്രതിയെ മോചിപ്പിച്ച ശേഷം മൂന്നുമാസത്തോളം ഒളിവിൽ കഴിഞ്ഞ ഗുണ്ട പിടിയിൽ. അതിരമ്പുഴ കോട്ടമുറി പ്രിയദർശിനി കോളനിയിൽ കുട്ടിമാലിയിൽ വീട്ടിൽ അച്ചു സന്തോഷിനെ (21) ആണ് പിടികൂടി കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. കഴിഞ്ഞ നവംബർ 26 നാണ് അച്ചുവിന്റെ നേതൃത്വത്തിലുള്ള സംഘം എക്‌സൈസ് സംഘത്തെ ആക്രമിച്ചത് കഞ്ചാവ് കേസിലെ പ്രതിയായ കോട്ടമുറി കോളനിയിൽ ബിബിൻ ബാബുവിനെ (22) മോചിപ്പിച്ചത്. സംഭവത്തിൽ 8 പേരെ നേരത്തെ പിടികൂടിയിരുന്നു.
എക്‌സൈസ് ഉദ്യോഗസ്ഥനെ കടിച്ച് പരിക്കേൽപ്പിച്ച കേസിലടക്കം പ്രതിയായ ഇയാൾ സേലത്ത് ഒളിവിൽ കഴിയുന്നതായും, കേസ് നടത്തിപ്പിന് പണം കണ്ടെത്താൻ കഞ്ചാവ് വില്പന നടത്തുന്നതായും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡും, ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് പിടികൂടുകയായിരുന്നു.
ഒളിവിൽ കഴിയുന്നതിനിടെ തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി അച്ചു സന്തോഷ് കേരളത്തിലേയ്‌ക്ക് കടത്തിയിരുന്നു. രാമക്കൽമേട്ടിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്. ഈ തുക കേസ് നടത്തിപ്പിന് ഉപയോഗിക്കാനായിരുന്നു പദ്ധതി. അന്വേഷണ സംഘത്തിൽ എസ്.ഐ മഞ്ജു ദാസ്, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ പി.വി വർഗീസ്, എ.എസ്.ഐമാരായ അജിത്, ഐ.സജികുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് , മഹേഷ് എന്നിവരുമുണ്ടായിരുന്നു.