പാലാ : 57,29,07493 രൂപാ ആകെ വരവും 52,68,37418 രൂപാ ചെലവും 4,60,70075 രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പാലാ നഗരസഭയുടെ 2019-20 വർഷത്തെ ബഡ്ജറ്റ് നഗരസഭാ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ അവതരിപ്പിച്ചു. കുടിവെള്ള പദ്ധതികൾക്കും ജലസംരക്ഷണത്തിനും ശുചിത്വത്തിനും ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

ലോയേഴ്‌സ് ചേംമ്പറിലെ അടിസ്ഥാനസൗകര്യ വികസനത്തിന് 23.90 ലക്ഷം, കുടിവെള്ളപദ്ധതികൾക്കായി 69.96 ലക്ഷം, പൊതുകിണർ, തോടുകൾ, കുളങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി 12 ലക്ഷം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവയ്ക്ക് 28 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്.

കേരളാ സാമൂഹ്യ സുരക്ഷാമിഷൻ തുടർ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപയും കുട്ടികൾക്കായി കായികപരിശീലനത്തിന് 4 ലക്ഷം രൂപയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സ്‌കോളർഷിപ്പ്, യൂണിഫോം അലവൻസ് ഇനത്തില്‍ 12 ലക്ഷം രൂപയും വിവിധ സ്‌കൂളുകളുടെ അറ്റകുറ്റപണികൾക്കായി 8.67 ലക്ഷം രൂപയും എസ്.എസ്.എ പദ്ധതിക്കായി 5 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് 7 ലക്ഷം, പാലീയേറ്റീവ് സെക്കൻഡറി ഹോം പദ്ധതിക്ക് 3 ലക്ഷം, ആശുപത്രികൾക്ക് മരുന്ന് വാങ്ങുന്നതിനായി 15 ലക്ഷം, വെള്ളം, വൈദ്യുതി എന്നിവയ്ക്ക് 23 ലക്ഷം, തെരുവുനായ്ക്കളെ പിടികൂടി എബിസി നടത്തുന്നതിനായി 3 ലക്ഷം, ബസ് കാത്തിരുപ്പ് കേന്ദ്രം നവീകരണത്തിന് 1 ലക്ഷം, ടൗൺ സ്റ്റാൻഡ് നവീകരണത്തിന് 3 ലക്ഷം, മാർക്കറ്റ് സമുച്ചയം പുനരുദ്ധാരണത്തിന് 11.50 ലക്ഷം രൂപയും തെക്കേക്കര ഷോപ്പിംഗ് മാളിനായി 3 ലക്ഷവും നീക്കിവെച്ചിട്ടുണ്ട്.

ബഡ്ജറ്റ് യോഗത്തിൽ ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ലൂസി ജോസ്, ജോർജ്ജ്കുട്ടി ചെറുവള്ളിൽ, സിബിൽ തോമസ്, സതീഷ് ചൊള്ളാനി, റാണി റോമൽ, കൗൺസിലർമാരായ പി.കെ. മധു, ബെറ്റി ഷാജു, ടോണി തോട്ടം, പ്രസാദ് പെരുമ്പള്ളിൽ, സിജി പ്രസാദ്, ജോബി വെള്ളാപ്പാണി, സെലിൻ റോയി, മിനി പ്രിൻസ്, റോയി ഫ്രാൻസീസ്, ബിജു പാലൂപ്പടവിൽ, ബിനു പുളിക്കകണ്ടം, നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ബഡ്ജറ്റിലെ മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

 മാൻഹോൾ കവർ സ്ഥാപിക്കുന്നതിന് - 10 ലക്ഷം

 ലൈബ്രറിയുടെ നവീകരണം - 8 ലക്ഷം

 പി.എം.എ.വൈ ഭവനനിർമ്മാണ പദ്ധതി - 48 ലക്ഷം

 റോഡ് നവീകരണം - 4 കോടി

 ശൗചാലയങ്ങളുടെ നിർമ്മാണം, നവീകരണം - 5.50 ലക്ഷം

 അംഗനവാടികളുടെ അറ്റകുറ്റപണികൾ - 8 ലക്ഷം

 കോളനികളുടെ ഡ്രൈനേജ് സൗകര്യത്തിനായി - 6 ലക്ഷം

 മുനിസിപ്പൽ കോളനി വീടുകളുടെ അറ്റകുറ്റപണി - 8 ലക്ഷം

 ഭിന്നശേഷിക്കാർക്ക് സ്‌കൂട്ടർ വിതരണം - 5 ലക്ഷം

 പൊതുശ്മശാനം നവീകരണം- 2 ലക്ഷം

 യോഗ നഗരം പദ്ധതി- 1.5 ലക്ഷം

 യാചക പുനരധിവാസം- 6 ലക്ഷം

 പ്രീമെട്രിക് ഹോസ്റ്റൽ നവീകരണം - 2 ലക്ഷം

 പട്ടികവിഭാഗ വിദ്യാർത്ഥി സ്‌കോളർഷിപ്പ് - 2.50 ലക്ഷം

 പട്ടിക വിഭാഗം വീട് അറ്റകുറ്റപണി - 12 ലക്ഷം