പള്ളിക്കത്തോട്: അമയന്നൂരിൽ പ്രവർത്തിക്കുന്ന കോട്ടയം ഇന്റഗ്രേറ്റഡ് പവർലൂമിൽ നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്താൻ നീക്കം. നിലവിലുള്ള ചെയർമാൻതന്നെ അഡ്മിനിസ്‌ട്രേറ്ററായി വരുമെന്നും ഇതുസംബന്ധിച്ച നടപടികൾ ഏകദേശം പൂർത്തിയായതായും സൂചനയുണ്ട്.
ഭരണത്തിലെ ക്രമക്കേടുകളെത്തുടർന്ന് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തുമ്പോൾ അതേ ചെയർമാൻതന്നെ അഡ്മിനിസ്‌ട്രേറ്ററായി വരുന്നതിനെതിരെ തൊഴിലാളികളടക്കം ഒരുവിഭാഗം രംഗത്തെത്തി. കഴിഞ്ഞ ഓണക്കാലത്ത് അഞ്ചുമാസത്തെ ശമ്പളം കുടിശികയായതിനെത്തുടർന്ന് സമരത്തിനിറങ്ങിയ തൊഴിലാളികൾ കെട്ടിടത്തിന്റെ മുകളിൽ കയറി ആത്മഹത്യാഭീഷണിമുഴക്കിയിരുന്നു. തുടർന്നു നടന്ന ഒത്തുതീർപ്പിൽ തൊഴിലാളികളുടെ ശമ്പള കുടിശിക തീർത്തുനൽകി. പിന്നീട് അന്നത്തെ ചെയർമാൻ കെ.കെ.അപ്പുക്കുട്ടൻനായർ രാജിവയ്ക്കുകയും നിലവിലെ ചെയർമാൻ സി.സി.മൈക്കിൾ ചാർജ്ജെടുക്കുകയുമായിരുന്നു. എന്നാൽ പുതിയ ചെയർമാൻ ചാർജ്ജെടുത്തതിനുശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒമ്പതുമാസമായി ജീവനക്കാർക്ക് ശമ്പളമില്ലെന്നും അതിനാൽ 60ഓളം തൊഴിലാളികളുള്ളതിൽ 6 പേർമാത്രമാണ് ജോലിക്ക് ഹാജരാകുന്നതെന്നും ആരോപണമുണ്ട്. 106 മെഷിനുകൾ പ്രവർത്തനസജ്ജമാണെങ്കിലും 32 എണ്ണംമാത്രമാണ് പ്രവർത്തിക്കുന്നത്.
കമ്പനി വിപുലീകരണത്തിനായി കഴിഞ്ഞ സർക്കാർ അനുവദിച്ച 6കോടി രൂപ ചെലവഴിച്ചതിൽ അഴിമതിയുണ്ടെന്ന ആരോപണമുയർന്നതിനെത്തുടർന്ന് അന്വേഷണം നടക്കുകയും മുഴുവൻ ബോർഡ് അംഗങ്ങൾക്ക് കുറ്റപത്രം നൽകുകയും ചെയ്‌തിരുന്നു.
ഇതിനിടെ ചില മെഷീനുകൾ വില്പന നടത്തിയതായും കമ്പനിവക 7.5ഏക്കർ സ്ഥലത്തിൽ 2.5ഏക്കർ വിൽക്കാൻ ശ്രമം നടന്നതായും ജീവനക്കാരിൽനിന്നും 5000 രൂപ വീതം പിരിച്ചെടുത്തതായും ആരോപണമുയർന്നിരുന്നു.ചെയർമാൻ മാനസികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് അവധിയിൽപോയ പുതുപ്പള്ളി സ്വദേശിയായ വനിതാ സെക്രട്ടറിയെ പിന്നീട് ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ നിലനിൽക്കുമ്പോൾ ഇതേ ചെയർമാനെ തന്നെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കാൻ നീക്കം നടക്കുന്നതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.