arun-

കോട്ടയം: കുളിപ്പിക്കാൻ കിടത്തിയ ആനയ്‌ക്കടിയിൽ തെന്നി വീണ പാപ്പാന് ദാരുണാന്ത്യം. കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭാരത് വിശ്വനാഥൻ എന്ന ആനയുടെ അടിയിൽപ്പെട്ടാണ് ഒന്നാം പാപ്പാൻ ചെന്നിത്തല തൃപ്പെരുത്തുറ പത്തേടത്ത് വീട്ടിൽ ആരുൺ പണിക്കർ (40) മരിച്ചത്. ഇന്നലെ രാവിലെ 9.30ന് കാരാപ്പുഴ മാളികേപ്പീടിക ചെറുകരക്കാവ് ശിവപാർവതി ക്ഷേത്രത്തിന് സമീപത്തെ ആനത്തറയിലായിരുന്നു സംഭവം.

നിറുത്തി കുളിപ്പിക്കുന്നതിനിടെ ആനയോട് വലത്തേക്ക് കിടക്കാൻ അരുൺ നിർദ്ദേശിച്ചു. എന്നാൽ ആന മുട്ടുകുത്തി ഇടത്തേക്ക് കിടക്കാനാണ് ചാഞ്ഞത്. ഇവിടെ നിൽക്കുകയായിരുന്ന അരുൺ ആനയെ ശാസിച്ച് വടി ഓങ്ങുന്നതിനിടെ തറയിലെ വെള്ളത്തിൽ തെന്നി വീണു. ഇതറിയാതെ ആന ഇയാളുടെ മുകളിലേക്ക് കിടക്കുകയായിരുന്നു. തുടർന്ന് അരുണിന്റെ അരയ്‌ക്ക് മുകൾ ഭാഗം ആനയുടെ അടിയിലായി. രണ്ടാം പാപ്പാനും അരുണിന്റെ ഭാര്യാ സഹോദരനുമായ വിഷ്‌ണു ഓടിയെത്തി പരിശ്രമിച്ചെങ്കിലും അനയെ പെട്ടെന്ന് എഴുന്നേല്പിക്കാനായില്ല. ഇതിനകം അരുൺ തല തകർന്ന് മരിച്ചിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ചെന്നിത്തലയിലെ വീട്ടുവളപ്പിൽ. രണ്ടു വർഷം മുമ്പാണ് വിശ്വനാഥന്റെ പാപ്പാനായി അരുണെത്തിയത്.