കോട്ടയം: സംസാരിച്ചാൽ തനി മലയാളി... ഏതു നാട്ടുകാരിയാണ് എന്നുചോദിച്ചാൽ പറയും ലക്ഷദ്വീപ്... എങ്ങനെ മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്നുവെന്നു ചോദിച്ചപ്പോൾ സ്കിറ്റ് അവതരിപ്പിക്കാൻ പഠിച്ചതാണെന്ന് ഉത്തരം. മഹാരാജാസ് കോളേജിലെ ബി. എസ്സി മാത്തമാറ്റിക്സ് ഒന്നാം വർഷ വിദ്യാർത്ഥിയായ ഫൗസിയ സലാഹത്താണ് സ്കിറ്റ് അവതരിപ്പിക്കുന്നതിന് വേണ്ടി മലയാളം പഠിച്ചത്. ലക്ഷദ്വീപിലെ അമിനിൻ ദ്വീപിലെ അബു സലാ കോയയുടെയും കമർബാന്റെയും മകളാണ് ഫൗസിയ. ഒരു അനിയനും അനിയത്തിയുമുണ്ട്. ജസരി ഭാഷയാണ് അവിടെ സംസാരിക്കുന്നത്. സ്കിറ്റിനുവേണ്ടി കഷ്ടപ്പെട്ട് മലയാളം പഠിക്കുകയും മുടി മുറിക്കുകയും ചെയ്തത് വെറുതെയായില്ല. കേരളത്തിലെ തന്റെ ആദ്യ കലോത്സവത്തിൽ തന്നെ രണ്ടാം സ്ഥാനം നേ‌ടാനായി. ലക്ഷദ്വീപിൽ നിന്ന് നിരവധി കുട്ടികൾ കൊച്ചിയിൽ വന്നു പഠിക്കുന്നുണ്ടെങ്കിലും കലാരംഗത്ത് പലരും ശ്രദ്ധിക്കാറില്ല. ഉപ്പായുടെ പ്രോൽസാഹനമാണ് തന്റെ ബലമെന്ന് ഫൗസിയ പറഞ്ഞു. മഹാരാജാസ് കോളേജിലെ ഫുട് ബോൾ ടീമിലുമുണ്ട് ഈ കലാകാരി. പ്ലസ് ടു വരെ ലക്ഷദ്വീപിലെ അമിനിൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. അവിടെയും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. പത്രം വായിച്ചും സൃഹൃത്തുകളുടെ സഹായത്തോടെയും മലയാളം എഴുതാനും ഫൗസിയ പഠിച്ചു കഴിഞ്ഞു.