തലയാഴം: തലയാഴം പഞ്ചായത്തിനെ മാലിന്യവിമുക്ത ഗ്രാമമാക്കുവാനുള്ള ക്ലീൻ തലയാഴം പദ്ധതിക്ക് തുടക്കമായി. തലയാഴം ശ്രീരഞ്ജിനി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ.ആശ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഐ.എസ്.ഒ പ്രഖ്യാപനവും കലാപീന ക്ലാസ് ഉദ്ഘാടനവും നടന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ്മസേന വീടുകളിലെത്തി ശേഖരിക്കും. ഹരിത കർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും നാട്ടിൻ പുറങ്ങളിൽ മാലിന്യസംസ്‌കരണത്തെക്കുറിച്ച് അവബോധമുണ്ടാക്കാനും ജൈവമാലിന്യങ്ങൾ ഉറവിടങ്ങളിൽ സംസ്‌കരിക്കുന്നതിന് കുടുംബങ്ങളെ പ്രേരിപ്പിക്കാനും 50 നും 70 നും മദ്ധ്യേ കുടുംബങ്ങളെ ഉൾപ്പെടുത്തി കമ്മിറ്റികളും രൂപീകരിച്ചു. മാലിന്യശേഖരണത്തിന് വ്യാപാരശാലകൾ മാസം 50 രൂപയും വീടുകളിൽ നിന്ന് 30 രൂപയും ഈടാക്കും. മുഴുവൻ വീടുകളിലും തുണിസഞ്ചി നൽകും. ഭൂവിസ്തൃതിയുടെ 65 ശതമാനം കരിനിലമായ തലയാഴത്തെ ഭൂപ്രദേശത്തെയും ജലാശയങ്ങളെയും മാലിന്യവിമുക്തമാക്കി ആരോഗ്യകരമായ അന്തരീക്ഷമൊരുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഉഷാകുമാരി പറഞ്ഞു. ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഹരിത കർമസേനാംഗങ്ങൾക്ക് ഐ.ഡി കാർഡ് വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.സുഗതൻ, കെ.കെ.രഞ്ജിത്ത്, ജി.രജിമോൻ, മായാ ഷാജി, ലീനമ്മ ഉദയകുമാർ, ഷിബു, പി.എസ്. പുഷ്‌കരൻ ,സുശീല കുമാരി, ബി.രഘു, പി.എസ്.മുരളീധരൻ, ജെൽജിവർഗീസ്,ലിജി സലഞ്ച് രാജ്, മെഡിക്കൽ ഓഫീസർ ഡോ.സുഷാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.