പൊൻകുന്നം:ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഒരുക്കുന്ന ആദ്യത്തെ സായാഹ്ന വിശ്രമ കേന്ദ്രത്തിന്റെ പണി അവസാനഘട്ടത്തിൽ. പത്താം വാർഡിൽ വാളക്കയത്ത് മണിമലയാറിന്റെ തീരത്താണ് വിശ്രമകേന്ദ്രം ഒരുങ്ങുന്നത്.മണിമലയാറിന്റെ മനോഹാരിതയിൽ ഭാവിയിൽ ഇതൊരു ടൂറിസം പദ്ധതിയായി വിപുലീകരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി മണിമല റൂട്ടിൽ വാളക്കയത്തുനിന്നും ആറ്റുതീരത്തേക്കുള്ള റോഡിന്റെ ഇരുവശങ്ങളും ടൈൽ പാകി മനോഹരമാക്കി. ഉദ്യാനത്തിലെത്തുന്നവർക്ക് വിശ്രമിക്കാനായി ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കുന്നതിന് ഊഞ്ഞാലടക്കമുള്ള ഉപകരണങ്ങളും സജ്ജമാക്കി. ഇടവിട്ടിടവിട്ട് തണൽമരങ്ങളും നട്ടുപിടിപ്പിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് അഞ്ചുലക്ഷം രൂപയാണ് ഉദ്യാനവിശ്രമകേന്ദ്രത്തിന് അനുവദിച്ചത്. രണ്ടാം ഘട്ടമായി വിനോദസഞ്ചാരികളെ ആകർഷിക്കുന്നവിധം പുഴയുടെ തീരം ഉൾപ്പെടുത്തി ഉദ്യാനം വിപുലമാക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. മറുതീരത്തേക്ക് കടത്തുവള്ളവും ഏർപ്പെടുത്തും. കുടുംബശ്രീയുമായി സഹകരിച്ച് നാടൻ വിഭവങ്ങളുടെ സ്റ്റാളുകളും തുടങ്ങും.