കോട്ടയം: അഭിനന്ദൻ സ്റ്റൈൽ മീശ വയ്‌ക്കണോ? കോട്ടയം പാമ്പാടി വരെ പോകാമെങ്കിൽ ഫ്രീയായി നടക്കും.
പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചിടുകയും പാക് തടങ്കലിൽ നിന്ന് ധീരനായി തിരിച്ചെത്തുകയും ചെയ്‌ത അഭിനന്ദൻ വർദ്ധമാന്റെ മീശ തരംഗമായപ്പോൾ പാമ്പാടി കൂരോപ്പട ഹോളിവുഡ് സലൂണിലെ രാജീവിനും പ്രശാന്തിനും തോന്നി- അഭിനന്ദനോട് ആദരസൂചകമായി മീശ ഹാൻഡിൽ ബാർ സ്റ്റൈലിലേക്കു നീട്ടിയാലോ? പരീക്ഷിച്ചപ്പോൾ കൊള്ളാം. രണ്ടുപേരുടെയും കിടുക്കൻ മീശ കണ്ടവർക്കും കൊതി. ഐഡിയ ക്ളിക്കായപ്പോൾ ഓഫറും പ്രഖ്യാപിച്ചു ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് അഭിനന്ദൻ മീശ ഫ്രീ ആയി വച്ചുകൊടുക്കപ്പെടും.
സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ജോസഫ് സ്റ്റാലിൻ ഉൾപ്പെടെ ചരിത്രത്തിൽ നിന്ന് പല പ്രശസ്ത മീശകളും പല കാലത്ത് പലേടത്തും ആരാധകമുഖങ്ങളിലേക്കു പടർന്നിട്ടുണ്ടെങ്കിലും സമീപകാലത്ത് ഇന്ത്യയിൽ തരംഗമാകുന്നത് അഭിനന്ദൻ മീശയാണ്. കണ്ടാൽ കിടിലൻ ലുക്കെന്നു മാത്രമല്ല, ധീരതയും ദേശാഭിമാനവും പ്രതിഫലിക്കുന്ന മീശയെന്നാണ് രാജീവിന്റെയും പ്രശാന്തിന്റെയും കമന്റ്.
പാമ്പാടി - കൂരോപ്പട റൂട്ടിൽ ചെമ്പരത്തി റൂട്ടിലാണ് അഭിനന്ദൻ മീശയിൽ സ്‌പെഷ്യലൈസ് ചെയ്ത ഹോളിവുഡ് സലൂൺ. ഉച്ചയ്‌ക്ക് ഒരു മണി മുതൽ മൂന്നര വരെയാണ് സൗജന്യ മീശയുടെ ടൈം. അത്യാവശ്യം പറഞ്ഞാൽ ഏതു സമയത്തും റെഡി. മറ്റന്നാൾ വരെയുള്ള ഫ്രീസർവീസ് കഴിഞ്ഞാൽ മീശയ്‌ക്ക് 60 രൂപ മുടക്കേണ്ടിവരും.