കോട്ടയം: മത്സരിക്കാൻ ജോസഫ് റെഡി. പക്ഷേ സീറ്റില്ല! കേരള കോൺഗ്രസിനു കിട്ടുന്ന ഒറ്റ സീറ്റിലേക്ക് എന്തായാലും ജോസഫിനു ടിക്കറ്റ് കൊടുക്കേണ്ടെന്ന് കേരള കോൺഗ്രസ്- എം അന്തിമമായി തീരുമാനിച്ചതായി സൂചന. ഇനിയിപ്പോൾ യു.ഡി.എഫിനു ദയാദാക്ഷിണ്യം തോന്നി, പാർട്ടിക്ക് രണ്ടു സീറ്റ് കിട്ടിയാലും സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി കൂടിയാണ്. 80 പേരുണ്ട് കമ്മിറ്റിയിൽ. അതിൽ അമ്പതിലധികം പേരും മാണിയുടെ ആൾക്കാരായതുകൊണ്ട് രണ്ടാം സീറ്റിലേക്കും ജോസഫിന്റെ പേര് വരാൻ ഒരു സാദ്ധ്യതയുമില്ല.
കൂറുമാറ്റ നിരോധന നിയമം ഉള്ളതിനാൽ ജോസഫിന് മുന്നണി മാറി മത്സരിക്കണമെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കണം. തങ്ങളായിട്ട് അങ്ങനെയൊരു അവസരം ജോസഫിന് ഉണ്ടാക്കിക്കൊടുക്കില്ലെന്നാണ് മാണിയോട് അടുപ്പമുള്ളവർ പറയുന്നത് .
ഇന്നു വൈകിട്ട് ആലുവ പാലസിലാണ് മാണി ഗ്രൂപ്പുമായുള്ള മൂന്നാം വട്ട യുഡി.എഫ് ചർച്ച. നാലാംവട്ടത്തിലേക്കു ചർച്ച നീളില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. ഇനി ഇടപെടില്ലെന്ന് ലീഗ് നേതൃത്വവും പറഞ്ഞുകഴിഞ്ഞു. ജോസഫ് മുന്നണി വിടാതിരിക്കാനുള്ള പ്രശ്‌നപരിഹാര ഫോർമുലയാണ് യു.ഡി.എഫ് തിരയുന്നത്. ഈ സമ്മർദ്ദത്തിനിടയിൽ, ജോസഫ് അൽപ്പം അയഞ്ഞുവെന്നു വേണം കഴിഞ്ഞ ദിവസത്തെ പ്രതികരണത്തിൽ നിന്ന് മനസ്സിലാക്കാൻ- പാർട്ടി സീറ്റ് തന്നാൽ മത്സരിക്കും! ജോസഫ് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഇന്നലെ ജോസ് കെ. മാണിയുടെ മറുപടിയാകട്ടെ, പാർട്ടി തീരുമാനിക്കുമെന്നും.
ഇന്നത്തെ യു.ഡി.എഫ് ചർച്ചയ്ക്കു ശേഷം. കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിക്കുകയോ പാർട്ടി ലീഡറായ കെ.എം.മാണിയെ ചുമതലപ്പെടുത്തുകയോ ചെയ്യും. മാണിക്കൊപ്പം ജോസഫിനു കൂടി ആ ചുമതല നൽകിയാൽ സ്ഥാനാർത്ഥിയായി സ്വന്തം പേര് ജോസഫിനു പറയാൻ കഴിയാത്ത സ്ഥിതിയാകും. മാണിയുടെ തീരുമാനം അംഗീകരിക്കേണ്ടിയും വരും. ജോസഫിന്റെ സാന്നിദ്ധ്യത്തിൽത്തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി 'കടിച്ച പാമ്പിനെക്കൊണ്ട് വിഷമിറക്കിക്കുന്ന'കളി മാണി നടത്തിയേക്കും.