കോട്ടയം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) ജില്ലയിലെ 2642 ക്ലാസ് മുറികൾ ഹൈടെക്കാക്കി മാറ്റി. പദ്ധതി പ്രകാരം സംസ്ഥാനത്തെ 8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികളാണ് ഹൈടെക്കാക്കുന്നത്.
135 സർക്കാർ സ്കൂളുകളും 248 എയ്ഡഡ് സ്കൂളുകളും ഉൾപ്പെടെ 383 സ്കൂളുകളിൽ ഹൈടെക് സംവിധാനമൊരുക്കും. ഇതിനായി കിഫ്ബിയുടെ സഹായത്തോടെ 22.78 കോടി രൂപ കൈറ്റ് ചെലവഴിച്ചിട്ടുണ്ട്.
3524 ലാപ്ടോപ്പുകളും 2519 പ്രൊജക്ടറുകളും 2521 സ്പീക്കറുകളും ഉൾപ്പെടെ, ടെലിവിഷനുകൾ, കാമറകൾ, വെബ് ക്യാം തുടങ്ങിയ ഉപകരണങ്ങളും സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. സമഗ്ര വിഭവ പോർട്ടൽ ഉപയോഗിച്ച് ഹൈടെക് ക്ലാസ് മുറികളിൽ വിനിമയം നടത്താനുള്ള പരിശീലനവും അദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്. കൂടാതെ പദ്ധതിയുടെ തുടർച്ചയായി 832 സ്കൂളുകളിൽ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്ന പ്രവർത്തനവും ആരംഭിച്ചതായി കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ. അൻവർ സാദത്ത് അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി ഫ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു.