car

കോട്ടയം : അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി ഒരുകുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ പേരൂർ കണ്ടംഞ്ചിറ കാവുംപാടം കോളനിയിൽ ആതിരയിൽ ബിജുവിന്റെ ഭാര്യ ലെജി (45), മക്കളായ അന്നു (19), നീനു (നൈനു -16) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച പേരൂർ മുല്ലൂർ ഷോൺ മാത്യു (19) വിനെ പരിക്കുകളോടെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് 1.45ന് മണർകാട് പേരൂർ റോഡിൽ കണ്ടംഞ്ചിറയിലായിരുന്നു സംഭവം. ഏറ്റുമാനൂരിൽ എത്തി ചെരുപ്പ് വാങ്ങിയ ശേഷം, ലെജിയുടെ വീടായ വൈക്കത്തേക്ക് പോകുകയായിരുന്നു ഇവർ.

കോളനിയിൽ നിന്നുള്ള ഇടവഴിയിലൂടെ ബൈപാസിലേക്ക് കയറുന്നതിനിടെ ഏറ്റുമാനൂർ ഭാഗത്തു നിന്നു അമിതവേഗത്തിൽ എത്തിയ കാറിടിക്കുകയായിരുന്നു. നൈനു സമീപത്തെ പുരയിടത്തിലേക്കും, ലെജിയും, അന്നുവും റോഡിലേക്കും തെറിച്ച് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്നുവിന്റെയും നീനുവിന്റെയും മരണം സംഭവിച്ചിരുന്നു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്ന ലെജി രാത്രിയോടെ മരിച്ചു. നിയന്ത്രണംവിട്ട കാർ സമീപത്തെ പുരയിടത്തിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. ഷോൺ കാലൊടിഞ്ഞ് കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടം കണ്ട് സമീപത്തെ കടയിൽ നാരങ്ങാവെള്ളം കുടിച്ചുകൊണ്ടിരുന്ന മനീല ബോധരഹിതയായി. ഇവരെ ഏറ്റുമാനൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏറ്റുമാനൂർ നഗരസഭയിലെ ഹരിതകർമ്മസേനാംഗമാണ് ലെജി. വൈക്കം കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ബി.കോം വിദ്യാർത്ഥിനിയാണ് അന്നു. കാണക്കാരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് നൈനു. ഇവരുടെ സഹോദരി ആതിര എറണാകുളം ഏഷ്യാനെറ്റ് കാൾ സെന്റർ ജീവനക്കാരിയാണ്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് വിട്ട് നൽകും.