പാലാ: പട്ടണത്തിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി ഇനി കേബിൾ വഴി. ഇതിനായി 13.5 കോടിയുടെ പണികൾ പൂർത്തിയായി വരുന്നതായി പാലാ വൈദ്യുതി ഭവൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജി മാത്യു, അസി. എഞ്ചിനീയർ ഡി. അശോക്, സബ് എഞ്ചിനീയർ ചന്ദ്രലാൽ എന്നിവർ പറഞ്ഞു. സംയോജിത ഊർജ്ജ വികസന പദ്ധതിയുടെ രണ്ടാം ഘട്ട പണികൾ ഈ മാസം 31നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പാലായിലും പരിസര പ്രദേശങ്ങളിലുമായി 35 കിലോമീറ്ററോളം 11 കെ.വി. എബിസി കേബിളുകളും 10 കിലോ മീറ്ററോളം എൽ.ടി. എബിസി കേബിളുകളും സ്ഥാപിക്കുന്ന പണികളാണ് പൂർത്തീകരിക്കുന്നത്. പുതുതായി 20 ട്രാൻസ്ഫോമറുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഇതിന് പുറമെ 10 കിലോമീറ്ററിൽ പുതിയ 11 കെ.വി. ഒ.എച്ച്. ലൈനും 20 കിലോമീറ്ററിൽ ത്രീ ഫേസ് ലൈനും വലിച്ചു. കേടായ ഏഴായിരത്തോളം മീറ്ററുകൾ പദ്ധതിയുടെ ഭാഗമായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുണ്ടുപാലം മുതൽ അന്ത്യാളം വരെ 4 കിലോമീറ്റർ ഭൂഗർഭ 11 കെ.വി. കേബിൾ പണികൾ ഉടൻ ആരംഭിക്കും. പദ്ധതിക്കാവശ്യമായ 13. 5 കോടി രൂപാ കേന്ദ്ര സർക്കാരിൽ നിന്നും ഗ്രാന്റായാണ് ലഭിക്കുന്നത്. ടൗണിന്റെ ഉൾഭാഗങ്ങളിൽ മരച്ചില്ലകൾ ലൈനിൽ ടച്ച് ചെയ്യാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലൂടെയാണ് പ്രധാനമായും കേബിളുകൾ വലിക്കുന്നത്. വർക്കുകൾ ഊർജ്ജിതമായി നടക്കുന്നതിനാൽ പാലായുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടേക്കുമെന്നും , പുതിയ വികസന പദ്ധതി പൂർത്തീകരണത്തിനായി പൊതുജനങ്ങളും, വ്യാപാരികളും സഹകരിക്കണമെന്നും പാലാ വൈദ്യുതി ഭവൻ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു. സബ് എഞ്ചിനീയർ ഇളങ്ങുളം എം.സി. ചന്ദ്രലാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പുതിയ കേബിൾ പദ്ധതി പണികൾ നടക്കുന്നത്.
13.5 കോടിയുടെ കേന്ദ്ര പദ്ധതി പ്രവർത്തനം തുടങ്ങി
പാലാ ടൗണിന്റെ അതിർത്തികളിൽ ബോർഡർ മീറ്റർ സ്ഥാപിച്ച് കൃത്യമായ വൈദ്യുതി ഉപഭോഗം മനസിലാക്കുകയും, പ്രസരണ നഷ്ടം കുറയ്ക്കുകയും ഇടതടവില്ലാതെ, ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം -- ഷാജി മാത്യൂ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ
--------------- പാലായിൽ കെ.എസ്. ഇ ബി.കേബിൾ ജോലികൾ നടക്കുന്നു