കോട്ടയം: നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിനു മുൻപിൽ കൂട്ടിയിരുന്ന മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ രാവിലെ പതിന്നൊന്നരയോടെയാണ് തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേനയുടെ അരമണിക്കൂർ നീണ്ട പരിശ്രമത്തിന്റെ ഫലമായിട്ടാണ് തീയണച്ചത്. നഗരത്തിലെ പലയിടത്തും നിന്നും നഗരസഭാ ശുചീകരണ ജീവനക്കാർ ശേഖരിക്കുന്ന മാലിന്യങ്ങൾ നാഗമ്പടം സ്റ്റേഡിയത്തിന് മുന്നിൽ കൂട്ടിയിടുകയും പിന്നീട് കത്തിക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തിൽ കത്തിച്ച മാലിന്യത്തിൽ നിന്നാണ് തീ പടർന്നത്. കത്തിയ മാലിന്യക്കൂമ്പാരത്തിൽ നിന്നും പുക ഉയർന്നത് നഗരത്തിൽ മണിക്കൂറുകളോളം യാത്രക്കാരിലടക്കം ബുദ്ധിമുട്ട് ഉണ്ടാക്കി. സ്റ്റേഡിയത്തിനടുത്തായി നിരവധി വാഹനങ്ങൾ പാ‌ർക്ക് ചെയ്തിരുന്നെങ്കിലും അഗ്നിശമനസേനയുടെ കൃത്യമായ ഇടപെടൽ മൂലം അപകടങ്ങളൊന്നും തന്നെ ഉണ്ടായില്ല.

 പൂമറ്റത്തും തീപിടിത്തം

നാഗമ്പടത്ത് തീ പടർന്നതിനു് പിന്നാലെ പുതുപ്പള്ളി പൂമറ്റത്തും തീ പിടിത്തം ഉണ്ടായി. വൈകിട്ട് നാലുമണിയോടെയാണ് പൂമറ്റം സ്വദേശിയായ ജോൺസിലിന്റെ രണ്ടര ഏക്കർ റബർ സ്ഥലത്ത് തീ പടർന്നത്. റബർ തോട്ടത്തിന് സമീപം ചവറു കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നാണ് തീ പടർന്നത്. റബർ| മരങ്ങൾ ഭാഗികമായി കത്തി നശിച്ചു. ഏകദ്ദേശം അര മണിക്കൂർ സമയമെടുത്താണ് അഗ്നിശമന സേന തീയണച്ചത്.