കോട്ടയം: ഏറെ പ്രതീക്ഷയോടെ സംസ്ഥാനത്തെ റബർ കർഷകർ കാത്തിരുന്ന റബർ നയം, അവർക്ക് സമ്മാനിക്കുന്നത് കനത്ത നിരാശ. ഇറക്കുമതി കുറയ്ക്കാനും വില ഉയർത്താനും നടപടി പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നാലുവർഷത്തോളം വൈകി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനനയം 'തിരഞ്ഞെടുപ്പ് ലക്ഷ്യം" വച്ചുള്ളതാണ് മാത്രമാണെന്നാണ് കർഷകർ പറയുന്നത്.
വില പിടിച്ചു നിറുത്താൻ ഇറക്കുമതി നിരോധിക്കണമെന്ന കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന കർഷകരുടെ ഏറെക്കാലത്തെ പ്രധാന ആവശ്യം കേന്ദ്രം തള്ളി. റബർ ഇറക്കുമതി നിരോധിക്കണമെന്നായിരുന്നു കർഷകർ ആവശ്യപ്പെട്ടത്. എന്നാൽ, പുതിയ നയം മുന്നോട്ടുവയ്‌ക്കുന്നത് ഇറക്കുമതി നിയന്ത്രണം മാത്രം. കമ്പനികൾക്ക് അസംസ്കൃത റബർ ലഭ്യമാക്കാൻ ആവശ്യാനുസരണം ഇറക്കുമതി നടത്താമെന്ന വ്യവസ്ഥയുമുണ്ട്. വിദേശ റബറിന് വില കുറവായതിനാൽ വൻ തോതിൽ റബർ കേരളത്തിലേക്ക് എത്തും. ഇതോടെ, വില ഇനിയും നിലംപൊത്താനാണ് സാദ്ധ്യത.
2014 ജൂൺ 16നാണ് ദേശീയ റബർ നയം രൂപീകരിച്ചത്. 24 അംഗ വിദഗ്ദ്ധസമിതിയെ കേന്ദ്ര വാണിജ്യ മന്ത്രാലയം ചുമതലപ്പെടുത്തി. ഈ സമിതിയിൽ കർഷകരോ കർഷക സംഘടനാ പ്രതിനിധികളോ ഇല്ലെന്നും കർഷക വിരുദ്ധമെന്നും തുടക്കത്തിലേ വിമർശനമുണ്ടായി. ഇതു ശരിവയ്‌ക്കുന്ന നിർദേശങ്ങളാണ് പുതിയ നയത്തിലുള്ളതെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു..
കഴിഞ്ഞവർഷം 3.63 ലക്ഷം ടൺ റബറാണ് ഇറക്കുമതി ചെയ്യപ്പെട്ടത്. ഇത് മുൻവർഷത്തേക്കാൾ 20 ശതമാനം കൂടുതലാണ്. പ്ലാന്റിംഗ്, റീ പ്ലാന്റിംഗ് എന്നിവയ്ക്ക് നൽകുന്ന സഹായധനം 2015 മുതൽ കർഷകർക്ക് ലഭിക്കുന്നില്ല. ഇത് പുനഃസ്ഥാപിക്കണമെന്ന കർഷകരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല. റബർ ഷീറ്റ് വിൽക്കുമ്പോൾ സർക്കാരിന് ലഭിക്കുന്ന ജി.എസ്.ടിയും റബർ ഇറക്കുമതി ചെയ്യുമ്പോഴുള്ള നികുതിയും ടയർ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന മറ്ര് ആനുകൂല്യങ്ങളുടെയും നേട്ടം കർഷകർക്കും ലഭ്യമാക്കണമെന്നതും അവഗണിക്കപ്പെട്ടു.
പുതുകൃഷി സബ്സിഡി വിഹിതത്തിൽ 75 ശതമാനം വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കൃഷി വ്യാപനത്തിന് മാറ്റിയതും കേരളത്തിലെ റബർ കർഷകർക്ക് തിരിച്ചടിയായി. കിലോയ്ക്ക് 250 രൂപ വരെ ഉയർന്ന റബർ വില ഇപ്പോൾ 110 രൂപയാണ്. അതേസമയം, കേന്ദ്രസഹായമില്ലാത്തതിനാലും ഉത്പാദന ചെലവ് പോലും കിട്ടാത്തതിനാലും മിക്ക കർഷകരും റബർ കൃഷി ഉപേക്ഷിക്കുകയാണ്. പലരും മറ്റു കൃഷികളിലേക്ക് തിരിഞ്ഞു. പുതിയ റബർ നയം കേരളത്തിൽ റബർ കൃഷി തന്നെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്.
ഇറക്കുമതി നിരോധിക്കാനാവില്ല;
ചുങ്കം കൂട്ടാം
ആസിയാൻ കരാർ അനുസരിച്ച് റബർ ഇറക്കുമതി നിരോധിക്കാനാവില്ല. ഇറക്കുമതി ചുങ്കം ഉയർത്താം. പരമാവധി ചുങ്കമാണ് ഇപ്പോൾ ഉള്ളത്. ഈ സാഹചര്യത്തിൽ നിയന്ത്രണമേ നിവൃത്തിയുള്ളൂവെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, കർഷകരോ കർഷക സംഘടനകളോ ഇത് അംഗീകരിക്കുന്നില്ല. ആഭ്യന്തര വരുമാനത്തേക്കാൾ കൂടുതൽ ചെലവ് വരുന്ന സാഹചര്യത്തിൽ ഇറക്കുമതി നിരോധിക്കാമെന്നും കർഷകർക്ക് കൂടുതൽ സഹായ ധനം നൽകാമെന്നുമുള്ള വ്യവസ്ഥ ആസിയാൻ കരാറിലുണ്ടെന്നാണ് മറുവാദം.