കോട്ടയം :പൊതുസ്ഥലത്ത് പുകവലിച്ചതിന് രണ്ടുമാസത്തിനിടെ ജില്ലയിലെ എക്സൈസ് വകുപ്പിന് പിഴയായി ലഭിച്ചത് 1,59,800 രൂപ. ജനുവരിയിൽ 338 കേസുകളും ഫെബ്രുവരിയിൽ 461 കേസുകളും രജിസ്റ്റർ ചെയ്തു.

പൊതുസ്ഥലത്ത് പുകവലിച്ചാൽ സിഗരറ്റ്സ് ആന്റ് അദർ ടോബാകോ പ്രോഡക്റ്റ്സ് ആക്ട് (കോട്പ) പ്രകാരമാണ് കേസെടുക്കുന്നത്. പോയ വർഷം ഈ ആക്ട് പ്രകാരം 5862 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 1,172, 400 രൂപ പിഴയായും ലഭിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നതും നേരിട്ടോ അല്ലാതെയോ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നതും 18 ൽ താഴെ പ്രായമുളളവ‌ർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതും കോട്പ നിയമപ്രകാരം കുറ്റകരമാണ്. പൊതു സ്ഥലങ്ങളിൽ പുകവലിച്ചതിന് കോട്ടയം നഗരത്തിൽ മാത്രം ജനുവരിയിൽ 38 കേസുകളും ഫെബ്രുവരിയിൽ 41 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് കോട്ടയം നഗരത്തിലാണ് .

എന്നാൽ 18 ൽ താഴെ പ്രായമുള്ളവർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100മീറ്റർ പരിധിയിലും പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന കേസുകൾ കഴിഞ്ഞ രണ്ടു മാസത്തിനിടെ രജിസ്റ്റർ ചെയ്തിട്ടില്ല.