mk-raju

വൈക്കം: വേനൽ കനത്തതോടെ കായലിലും വറുതി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലേക്ക്.

വേമ്പനാട്ടുകായലിൽ മത്സ്യം കിട്ടാതായതാണ് മത്സ്യ തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നത്. കടൽ മത്സ്യത്തിന്റെ വരവും കുറവാണ്. ഇത് വീടുകളിലും വഴിയോരങ്ങളിലും മത്സ്യം വിറ്റ് ഉപജീവനം നടത്തുന്നവരെ ദുരിതത്തിലാക്കുന്നു. വ്യാപകമായ മലിനീകരണം മൂലം വേമ്പനാട്ടുകായലിന്റെ തനത് മത്സ്യ സമ്പത്ത് കാലങ്ങളായി കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. വേനൽ കടുത്തതോടെ ഉണ്ടായിരുന്നതും കിട്ടാതായി. കാളാഞ്ചി, ചെമ്പല്ലി, കതിരാൻ, കറൂപ്പ്, കോല, നങ്ക്, പൂളാൻ, പള്ളത്തി തുടങ്ങി വേമ്പനാട്ടുകായലിൽ സമൃദ്ധമായിരുന്ന മീനുകൾ ഇപ്പോൾ തീരെയില്ല. കരീമിന്റെ കാര്യവും വ്യത്യസ്തമല്ല. മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റുകളിലൊന്നായ വൈക്കം കോവിലകത്തും കടവ് മാർക്കറ്റിൽ ദശലക്ഷങ്ങളുടെ വില്പനയാണ് പ്രതിദിനം നടന്നു വരുന്നത്. അതിൽ വലിയൊരു പങ്ക് കായൽ മത്സ്യങ്ങളാണ്. പഴകിയതോ രാസവസ്തുക്കൾ ചേർത്തതോ അല്ലാത്തതിനാൽ കായൽ മത്സ്യങ്ങളോടാണ് നാട്ടുകാർക്കും പ്രീയം. കടൽ മത്സ്യങ്ങൾ ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ തുറമുഖങ്ങളിൽ നിന്നും ഇവിടെയെത്തുന്നുണ്ട്. വേനലും വറുതിയും കടൽ മത്സ്യങ്ങളുടെയും അളവ് ഗണ്യമായി കുറച്ചു. കടലിൽ നിന്ന് പിടിച്ച് ദിവസങ്ങൾ ഗോഡൗണുകളിലും മറ്റും സംഭരിച്ച്, രാസവസ്തുക്കൾ ചേർന്ന മത്സ്യമാണ് ഇപ്പോൾ മാ‌ർക്കറ്റിൽ വരുന്നതിൽ ഏറെയും.

മീനിന് പൊള്ളുന്ന വില

ഒരുകിലോ കോഴിക്ക് 83 രൂപ. ഒരു കിലോ ചാളയ്ക്ക് 200. എങ്ങനെ മീൻ വിൽക്കും.? ആര് വാങ്ങും ?- തലച്ചുമടായി വീടുകളിൽ എത്തിച്ചും വഴിയോരങ്ങളിലും നാട്ടുചന്തകളിലും മീൻ വിൽക്കുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളുടെ പരാതിയാണിത്. മത്സ്യത്തിന് തീ വിലയാണ്. മീൻ വീടുകളിൽ കൊണ്ടു നടന്ന് വിൽക്കുന്ന സ്ത്രീ തൊഴിലാളികളിൽ നിന്ന് വാങ്ങുന്നത് സാധാരണക്കാരും ഇടത്തരക്കാരുമാണ്. കോഴിക്ക് നൂറിൽ താഴെ മാത്രം വിലയുള്ളപ്പോൾ ഇരുനൂറും മുന്നൂറും രൂപ കൊടുത്ത് മത്തിയോ അയലയോ വാങ്ങാൻ ആരും തയ്യാറാവില്ല. മീനിന്റെ ദൗർലഭ്യവും വിലക്കയറ്റവും ഏറെയും ബാധിച്ചത് ഇതുപോലുള്ള സ്ത്രീ തൊഴിലാളികളെയാണ്. കോവിലകത്തും കടവ് മാർക്കറ്റിലും മുറിഞ്ഞപുഴ തലയാഴം ഫിഷ് ലാന്റിംഗ് സെന്ററുകളിലും നിന്ന് മീൻ വാങ്ങി വീടുകളിൽ കൊണ്ടുചെന്ന് വിൽക്കുന്ന സ്ത്രീ തൊഴിലാളികളുടെ എണ്ണം പതിനായിരത്തിനടുത്ത് വരും. കോട്ടയം ജില്ലക്ക് പുറമേ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലേക്കും ഇവർ മീനുമായി പോകുന്നുണ്ട്.

എം.കെ.രാജു

(ധീവരസഭ കോട്ടയം ജില്ലാ സെക്രട്ടറി)

കായൽ,കടൽ മത്സ്യങ്ങൾ കുറഞ്ഞതോടെ തൊഴിലില്ലായ്മ നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അടിയന്തിര സഹായം നൽകണം. വേനൽ ഇനിയും രൂക്ഷമാകുമെന്നതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതവും കൂടുതൽ പ്രതിസന്ധിയിലേക്കാവും നീങ്ങുക. കാർഷിക കടങ്ങൾ പോലെ തന്നെ മത്സ്യത്തൊഴിലാളികളുടെ കടങ്ങളും എഴുതിത്തള്ളാൻ സർക്കാർ തയ്യാറാകണം.