കോട്ടയം : അരനൂറ്റാണ്ട് പഴക്കമുള്ള നാഗമ്പടം പഴയ മേൽപ്പാലം പൊളിക്കുന്നതിനു മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ജില്ലാ കളക്ടറുടെ അനുമതിയോടെ പാലം പൊളിക്കുന്ന തീയതി തീരുമാനിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. പാലത്തിനു സമീപത്ത് ചെറിയ കുഴികളുണ്ടാക്കി സ്ഫോടക വസ്‌തുക്കൾ നിറയ്‌ക്കും. തുടർന്ന് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പലഘട്ടങ്ങളായി നിയന്ത്രിത സ്‌ഫോടനം നടത്തും. കൺട്രോൾ റൂമിൽ നിന്നു റിമോട്ട് കൺട്രോൾ ഉപയോഗിച്ചാവും സ്‌ഫോടനം നിയന്ത്രിക്കുക. അഞ്ചു സെക്കൻ‌ഡിനുള്ളിൽ സ്ഫോടനം അവസാനിച്ച് പാലം താഴേയ്‌ക്ക് ഇടിഞ്ഞ് വീഴും. മൂന്നുമാസം മുൻപാണ് പുതിയ പാലം ഗതാഗതത്തിനായി തുറന്നു നൽകിയത്. പുതിയ പാലം നിർമ്മിച്ച കമ്പനിയാണ് പഴയ പാലം പൊളിക്കുന്നതും.

നിയന്ത്രണങ്ങൾ ഇങ്ങനെ

പാലം പൊളിക്കുന്ന ദിവസം കോട്ടയം റൂട്ടിൽ 9 മണിക്കൂർ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഉണ്ടാകും. ഒന്നര മണിക്കൂർ കൊണ്ട് റെയിൽവേ ട്രാക്കിലെ പാളത്തിന്റെ ഭാഗത്തെ ഇലക്‌ട്രിക്ക് ലൈനുകൾ അഴിച്ചു മാറ്റും. പാലം തകർക്കുന്നതിനു മുന്നോടിയായി അപകടം ഒഴിവാക്കാൻ റെയിൽവേ ട്രാക്ക് മൂടിയിടും. പാലം പൂർണമായും നീക്കി, മാലിന്യം മാറ്റി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷം ട്രെയിൻ ഗതാഗതം പുന:സ്ഥാപിക്കും. ഇതിനു ശേഷം അപ്രോച്ച് റോഡ് പൊളിക്കും.