കോട്ടയം: കുരുമുളക് വില രണ്ട് മാസത്തിനിടെ ഇടിഞ്ഞത് 55 രൂപ. വിളവെടുപ്പ് സീസൺ ആരംഭിച്ചതോടെയാണ് വില കുറയാൻ തുടങ്ങിയത്. ഇതോടെ റബറിന് പകരം കുരുമുളക് പരീക്ഷിച്ച് തുടങ്ങിയ മലയോര കർഷകർ നിരാശയിലാണ്.
ഇത്തവണ വിളവെടുപ്പ് ആരംഭിക്കുന്നതിനു മുൻപ് 350 രൂപയ്ക്ക് മുകളിൽ വിലയുണ്ടായിരുന്നു. നിലവിൽ 310 രൂപ യാണ് വില. ഡിസംബർ അവസാന വാരം 365 രൂപയായിരുന്നു. 2017ൽ സീസൺ സമയത്ത് 700 രൂപ വരെ എത്തിയെങ്കിലും പിന്നീട് വില ഇടിഞ്ഞു 330 രൂപ വരെയായി. അതിനുശേഷം ചെറിയ തോതിലുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നുണ്ടെങ്കിലും ഏതാനും മാസമായി 350നും 400നും ഇടയിലായിരുന്നു വിൽപ്പന.
പ്രളയസമയത്തുണ്ടായ കനത്ത മഴയ്ക്ക് ശേഷം ദ്രുതവാട്ടവും മഞ്ഞളിപ്പും കൃഷി നാശത്തിന് വഴിയൊരുക്കി. വള്ളികളിലും, തിരികളിലും കുരുമുളകിലും ഉണ്ടാകുന്ന കീടബാധകൾ കർഷകർക്ക് ദുരിതം സമ്മാനിക്കുന്നു. ഇല മഞ്ഞളിച്ച് കുരുമുളക് തിരികളും ഇലകളും കൊഴിയുകയും, ചെടികൾ പൂർണമായി ഉണങ്ങുകയും ചെയ്യുന്ന രോഗം വ്യാപകമാണ്. ഒരു ചെടിക്ക് രോഗ ബാധയേറ്റാൽ തോട്ടത്തിലെ മറ്റെല്ലാ ചെടികളിലേക്കും അതിവേഗം പടർന്നു പിടിക്കുമെന്നതിനാൽ വൻതോതിൽ കൃഷിനശിക്കാൻ കാരണമായി. ഫംഗസ് ബാധയാണ് കുരുമുളക് ചെടികളുടെ നാശത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.