തലയോലപ്പറമ്പ്: വിവിധ കേസുകളിൽ പെട്ട് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിസരത്തും റോഡരികിലും കിടന്ന് നശിക്കുന്ന വാഹനങ്ങൾക്ക് ഒടുവിൽ ശാപമോക്ഷം.വാഹനങ്ങൾ ലേലം ചെയ്യാൻ കോടതി അനുമതി ലഭിച്ചതോടെയാണ് വർഷങ്ങളായി സ്റ്റേഷൻ പരിസരത്ത് വെയിലും മഴയുമേറ്റ് കിടന്നിരുന്ന വാഹനങ്ങൾക്ക് ശാപമോക്ഷമായത്. കോടതി വിധി പ്രകാരം മൂന്ന് ടിപ്പറുകളും എട്ട് ബൈക്കുകളുമടക്കം പതിനൊന്ന് വാഹനങ്ങൾ ഇതിനോടകം ലേലം ചെയ്തത് കഴിഞ്ഞു. കേസുകളിൽ ഉൾപ്പെട്ട് പൊലീസ് പിടിച്ചെടുത്തതും റവന്യു, കൃഷി വകുപ്പുകൾ പിടികൂടി പൊലീസിന് കൈമാറിയതുമായ വാഹനങ്ങളാണ് ഇവ. ലോറി, കാർ, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയാണ് കേസിൽപ്പെട്ട് കിടക്കുന്നതിലധികവും. സ്റ്റേഷനിൽ സ്ഥല സൗകര്യമില്ലാത്തതിനാൽ പിടികൂടുന്ന വാഹനങ്ങൾ സ്റ്റേഷനോട് ചേർന്ന് മാർക്കറ്റ് റോഡിന് സമീപമാണ് പാർക്ക് ചെയ്തിരുന്നത്. ഇതുമൂലം റോഡിന്റെ വീതി കുറഞ്ഞെന്ന് ആക്ഷേപം നില നിന്നിരുന്നു. പിടിയിലാകുന്ന വാഹനങ്ങളുടെ എണ്ണം കൂടിയതോടെ സ്റ്റേഷനിൽ പൊലീസുകാരുടെ വാഹനം പാർക്ക് ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്. വാഹനങ്ങൾ ലേലം ചെയ്ത് തുടങ്ങിയതോടെ കാടുപിടിച്ച സ്റ്റേഷൻ പരിസരത്ത് വെളിച്ചം വീഴുമെന്നും, സ്ഥലസൗകര്യമുണ്ടാകുമെന്നുമുള്ള ആശ്വാസത്തിലാണ് പൊലീസുകാർ. വാഹനങ്ങൾ ലേലം ചെയ്ത് മാറ്റുന്നതിലൂടെ ഈ സ്ഥലത്ത് പഞ്ചായത്ത് വക ഓപ്പൺ സ്റ്റേജിന്റെ നിർമാണം ആരംഭിക്കും.