poster

കോട്ടയം : കോട്ടയം പാർലമെന്റ് സീറ്റിൽ വി.എൻ.വാസവൻ മത്സരിക്കുമെന്ന് ഉറപ്പായതോടെ സോഷ്യൽ മീഡിയയിൽ അണികൾ പ്രചാരണം തുടങ്ങി. സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടക്കമുള്ള പോസ്റ്റർ ഫേസ് ബുക്ക് വാളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്താണ് അണികളുടെ ആവേശപ്രകടനം. ഉയർന്നുവന്ന പേരുകളൊക്കെ തള്ളിക്കൊണ്ടാണ് കോട്ടയം പിടിക്കാൻ നേതൃത്വം ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നത്. ആരോഗ്യപ്രശ്നങ്ങൾ മൂലം മത്സരിക്കാനില്ലെന്ന് വാസവൻ അറിയിച്ചിട്ടും തീരുമാനത്തിൽ നിന്ന് പാർട്ടി പുറകോട്ടുപോയില്ല. ഒന്നേകാൽ ലക്ഷത്തിലേറെ വോട്ടിന് കഴിഞ്ഞതവണ ജോസ് കെ. മാണി ജയിച്ച മണ്ഡലം തിരിച്ചു പിടിക്കാൻ വാസവനിറങ്ങുമ്പോൾ മത്സരത്തിന് ചൂടേറും.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുൻപെ പ്രചാരണം നടത്തുന്ന കീഴ്‌വഴക്കം സി.പി.എമ്മിലില്ല. എന്നാൽ ജില്ലാ സെക്രട്ടറിയുടെ സ്ഥാനാർത്ഥിത്വം അണികളിൽ ആവേശമുണ്ടാക്കിയതായാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, പാലാ, പിറവം നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ഏറ്റുമാനൂരും വൈക്കവും ഒഴികെയുള്ളവ വർഷങ്ങളായി യു.ഡി.എഫിന്റെ കൈയിലാണ്.

 യു.ഡി.എഫ് സ്ഥാനാർത്ഥിയെ 10ന് അറിയാം?

കേരള കോൺഗ്രസ് സ്ഥാനാ‌ർത്ഥിയെ തീരുമാനിക്കാനുള്ള പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം 10 ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം ഓർക്കിഡിൽ നടക്കും. കെ.എം. മാണി ഉദ്ഘാടനം ചെയ്യും. സീറ്റിന്റെ പേരിൽ ഇടഞ്ഞു നിൽക്കുന്ന ജോസഫിനെ അനുനയിപ്പിച്ച് അന്ന് തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.