പാലാ: എൺപതാം വയസിലും ചുറുചുറുക്കോടെ തേനീച്ച കൃഷി നടത്തുകയും അതിൽ വിജയം നേടിയിരിക്കുകയുമാണ് പാലാ കിഴതടിയൂർ മംഗലത്തിൽ ജോസഫും ഭാര്യ 78 കാരി മേരിയും! പി.വി.സി പൈപ്പിനകത്ത് ഫിറ്റു ചെയ്ത മെഴുകിനുള്ളിൽ താമസിച്ച് തേനുത്പാദിപ്പിക്കുന്ന 'ന്യൂജനറേഷൻ' ചെറുതേനീച്ചകളെ ഈ മുൻ റബർ ബോർഡ് ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്തു കാണാം.
മൺകലത്തിലാണ് ആദ്യം തേനീച്ചകളെ വളർത്തിയിരുന്നതെങ്കിലും കലത്തിനുള്ളിൽ തേനെടുക്കുവാനുള്ള ബുദ്ധിമുട്ടും തേൻ നഷ്ടവും ഒഴിവാക്കുവാനുമാണ് എപ്പോഴും പരീക്ഷണങ്ങൾ നടത്തുന്ന ജോസഫിനെ തേനീച്ചകൾക്ക് പുതിയ പാർപ്പിടം എന്ന ചിന്തയിലേക്ക് നയിച്ചത്. അങ്ങനെ ഏകദേശം ഒരടി നീളമുള്ള ഒരു പി.വി.സി പൈപ്പ് തേനീച്ചകൾക്ക് പാർപ്പിടമായി ജോസഫ് കണ്ടെത്തി. ഇവയുടെ ഒരു വശം മുഴുവനായും മറുവശത്തിന്റെ മധ്യഭാഗത്തായി 3 ഇഞ്ച് ഇട്ട ശേഷം ബാക്കിയുള്ള ഭാഗം മുറിച്ചു. തുടർന്ന് മെഴുക് വാങ്ങി ഉരുക്കി പൈപ്പിന്റെ ഉൾഭാഗത്തായി തേച്ചു പിടിച്ച് പൈപ്പുകൾ ചേർത്തൊട്ടിച്ചു. രണ്ടു സുഷിരങ്ങളുള്ള ഒരു പ്ലാസ്റ്റിക് അടപ്പുപയോഗിച്ച് പൈപ്പിന്റെ ഇരുവശങ്ങളും അടച്ചതോടെ തേനീച്ചകൾക്കുള്ള ന്യൂ ജൻ വീട് തയ്യാർ.
തേനീച്ചകളേയും മുട്ടകളും ശേഖരിച്ച് പൈപ്പിന്റെ ഒരു വശത്തെ അടപ്പു തുറന്ന് മെഴുക് തേച്ച് നിറച്ച പൈപ്പിനുള്ളിലേക്കു നിക്ഷേപിക്കലായിരുന്നു അടുത്ത ഘട്ടം.
അടുത്ത പടിയായി ഭക്ഷണത്തിനും തേൻ സമ്പാദനത്തിനുമുള്ള പുതു വഴി ആലോചിച്ചു. നിലവിൽ ദീർഘദൂരം സഞ്ചരിച്ച് തേനീച്ചകൾ
തേൻ കണ്ടെത്താൻ പോവുമ്പോൾ ഉത്പാദനം കുറയുമെന്നും സമയനഷ്ടം ഉണ്ടാവുമെന്നും ജോസഫ് കണ്ടെത്തി. ഇതിനുള്ള പോംവഴിയായി തേനീച്ചകളുടെ വാസസ്ഥലത്തിനു സമീപത്തായി 'ആന്റി ഗൺ' എന്ന വള്ളിച്ചെടിയും 'നൈറ്റ് റോസ്' എന്ന മരച്ചെടിയും വളർത്തി. ഈ പരീക്ഷണം നടത്തിയപ്പോൾ തേനുത്പാദനം കൂടിയതായി ജോസഫ് പറയുന്നു.
തേനീച്ച കൃഷിയിൽ ജോസഫിന്റെ സഹായി ഭാര്യ മേരിയാണ്. രണ്ടു മക്കളാണ് ഇവർക്ക്. റബർ ബോർഡ് ഉദ്യോഗസ്ഥയായ ബിന്ദുവും ഇൻഫോ പാർക്ക് ജീവനക്കാരനായ അശോകും. ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്ന സൂര്യ കാന്തിച്ചെടി വീടിന്റെ മട്ടുപ്പാവിൽ വളർത്തി പുതിയ പരീക്ഷണങ്ങൾക്കും എൺപതിന്റെ പങ്കപ്പാടുകൾ ഒരു പ്രശ്നമേയല്ല എന്ന് തെളിയിക്കുകയാണ് ജോസഫ് എന്ന പാലാക്കാരൻ.